വളാഞ്ചേരി: പാട്ടത്തിനെടുത്ത ഒരേക്കര്‍ പാടത്ത് മൂന്നാംവര്‍ഷവും വിദ്യാര്‍ഥികള്‍ നെല്‍കൃഷിയിറക്കി. കഴിഞ്ഞ രണ്ടുവര്‍ഷവും ഇവിടെ നെല്‍കൃഷി ചെയ്ത് വിജയം കൊയ്തിരുന്നു. ഇരിമ്പിളിയം എ.എം.യു.പി.സ്‌കൂളിലെ ഹരിതസേന, സീഡ് അംഗങ്ങളായ 60 വിദ്യാര്‍ഥികളാണ് കൃഷിഭവന്‍ ഉദ്യോഗസ്ഥരുടെയും പി.ടി.എ, അധ്യാപകര്‍ എന്നിവരുടെയും മേല്‍നോട്ടത്തില്‍ കൃഷിചെയ്യുന്നത്. സങ്കരയിനം വിത്തായ 'ഉമ'യാണ് ഒരേക്കര്‍ പാടത്ത് ഉപയോഗിച്ചിട്ടുള്ളത്.പെരുവമ്പാടം പാടശേഖരത്തില്‍ വിദ്യാര്‍ഥികൂട്ടായ്മയില്‍ നടക്കുന്ന കൃഷിയുടെ ഞാറ് നടീല്‍ വെള്ളിയാഴ്ച നടന്നു. പഠനത്തോടൊപ്പം കൃഷിയും സ്വായത്തമാക്കുക എന്ന തിരിച്ചറിവിന്റെ ഭാഗമായാണ് 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ചേറിലിറങ്ങി ഞാറ് നടുന്നത്. നെല്‍കൃഷിയില്‍ നിന്നുള്ള അരി ഉപയോഗിച്ചാണ് സ്‌കൂളിലെ ഉച്ചഭക്ഷണം പാകംചെയ്തത്.ഞാറ് നടീലിന്റെ ഉദ്ഘാടനം ടി. നിസാമുദ്ദീന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി. മുഹമ്മദ് അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപിക വിലാസിനി, ഹരിതസേന കോ ഓര്‍ഡിനേറ്റര്‍ മഞ്ജുള, കൃഷി അസിസ്റ്റന്റ് ദിലീപ് എന്നിവര്‍ പ്രസംഗിച്ചു.