പൂച്ചാക്കല്‍: 12 വര്‍ഷമായി തരിശ്ശുകിടന്ന പാടത്ത് നെല്‍ക്കൃഷി പുനരാരംഭിക്കാന്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങള്‍ തുണയായി. പഠനത്തോടൊപ്പം കൃഷികാര്യങ്ങളിലും ശ്രദ്ധപതിപ്പിക്കാന്‍ സീഡിലൂടെ തൈക്കാട്ടുശ്ശേരി നടുഭാഗം എം.ഡി. യു.പി.സ്കൂളിലെ കുട്ടികള്‍ക്ക് കഴിയുന്നു.
സ്കൂള്‍വക സ്ഥലം കൃഷിക്കായി പ്രയോജനപ്പെടുത്താമെന്ന സീഡ് സന്ദേശം കുട്ടികള്‍ക്ക് ആവേശമായിരിക്കുകയാണ്. ഇതുള്‍ക്കൊണ്ടാണ് നെല്‍ക്കൃഷി തുടങ്ങിയത്.
സ്കൂള്‍ മാനേജ്‌മെന്റ് വകയായ 50 സെന്റ് പാടത്താണ് നെല്‍ക്കൃഷി. മൂപ്പ് കുറഞ്ഞ ഉമ നെല്‍വിത്താണ് ഉപയോഗിച്ചത്. നെല്‍പ്പാടം ഒരുക്കാനും ഞാറ് നടാനുമെല്ലാം സീഡ് ക്ലബ്ബ് അംഗങ്ങളായ കുട്ടികള്‍ സജീവ ശ്രദ്ധപതിപ്പിച്ചു.
കര്‍ഷകത്തൊഴിലാളികള്‍ക്കൊപ്പം കുട്ടികളും ഒഴിവുസമയങ്ങളില്‍പാടത്തെത്തുന്നു. വളംചേര്‍ക്കുന്ന കാര്യങ്ങളിലും കളപറിച്ചു കളയുന്നതിലും പാരമ്പര്യവഴികള്‍ അവലംബിക്കുന്നു.
നെല്‍ക്കൃഷി തുടങ്ങിയിട്ട് ഒരുമാസമായി. നെല്‍വിത്ത് തൈക്കാട്ടുശ്ശേരി കൃഷിഭവനാണ് നല്‍കിയത്. ജൈവവളമാണ് ഉപയോഗിക്കുന്നത്. സ്കൂള്‍ മാനേജര്‍ കെ.ആര്‍.അപ്പുക്കുട്ടന്‍ നായര്‍, സ്കൂള്‍ പ്രധാനധ്യാപിക പി.കെ.പ്രഭ, മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ സുജാത എന്നിവരാണ് നെല്‍ക്കൃഷിക്ക് നേതൃത്വം നല്‍കുന്നത്.