കോഴിക്കോട്: വൊക്കേഷണല്‍ ഹയര് സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം നാലാം വാര്‍ഷിക സമ്മേളനത്തില്‍ സുകൃതംമാതൃഭൂമി 'സീഡ് മൈ ട്രീ ചലഞ്ച്' പദ്ധതി മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനംചെയ്തു.
പദ്ധതിയുടെ ഭാഗമായി ഞായറാഴ്ച മുതല്‍ ഒക്ടോബര്‍ വരെയുള്ള ദിവസത്തിനുള്ളില്‍ ഓരോ വളണ്ടിയറും നാലുവീതം വൃക്ഷത്തൈകള്‍ സ്‌കൂള് നില്‍ക്കുന്ന പഞ്ചായത്തില്‍ ഗ്രാമവാസികളുടെ സഹകരണത്തോടെ വെച്ചുപിടിപ്പിക്കും. വംശനാശം നേരിടുന്ന നാട്ടുമരങ്ങളും ഔഷധ സസ്യങ്ങളുമാണ് നടുക.
പ്രോഗ്രാം ഓഫീസര്‍മാര്‍ നടുന്ന വൃക്ഷത്തിന്റെ പേര്, നടുന്ന വീടിന്റെ പേര്, ചടങ്ങിന്റെ ഫോട്ടോകള്‍ ഡയറക്ടറേറ്റില്‍നിന്ന് അയച്ചുതരുന്ന ലിങ്കില്‍ ഒക്ടോബര്‍ രണ്ടിന് വൈകീട്ട് അഞ്ചിനുമുമ്പ് അപ്ലോഡ് ചെയ്യണം. ഓരോ മാസവും വൃക്ഷത്തിന്റെ വളര്‍ച്ച ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യണം. സംസ്ഥാനതലത്തിലും ഓരോ ജില്ലയിലും ഏറ്റവും കൂടുതല്‍ വൃക്ഷങ്ങള്‍ നട്ട് പരിപാലിക്കുന്ന വളണ്ടിയര്‍മാര്‍ക്ക് സമ്മാനങ്ങള്‍ നല്കും.
ചടങ്ങില്‍ എന്‍.എസ്.എസ്. സംസ്ഥാന ഉപദേശകസമിതി അംഗം ജെ. ജഫീഷ്, എ.പ്രദീപ് കുമാര്‍ എം.എല്‍.എ., യൂത്ത് ഓഫീസര്‍ സാമുവല്‍ ചെല്ലയ്യ, വി.എച്ച്.എസ്.ഇ. ഡയറക്ടര്‍ സി.കെ. മോഹനന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജലൂഷ് എന്നിവര്‍ പങ്കെടുത്തു.