കോഴിക്കോട്: വൃക്ഷെത്തെകള്‍ നട്ടുവളര്‍ത്തിയും സംരക്ഷിച്ചും ഭൂമിക്ക് തണല്‍ തീര്‍ക്കുന്ന മാതൃഭൂമി സീഡിന് വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം.
വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ് പേപ്പേഴ്‌സ് ആന്‍ഡ് ന്യൂസ് പബ്ലിഷ്‌ഴ്‌സിന്റെ (വാന്‍ ഇഫ്ര) തിളക്കമാര്‍ന്ന ബഹുമതിയായ 'ഗോ ഗ്രീന്‍ ടോപ് അവാര്‍ഡ്' സീഡ് കരസ്ഥമാക്കി. ഈ വര്‍ഷം വാന്‍ഇഫ്രയുടെ യങ്‌റീഡര്‍ പുരസ്‌കാരം നേടിയ ഇന്ത്യയിലെ ഏക പത്രസ്ഥാപനമാണ് മാതൃഭൂമി.
പ്രകൃതി സംരക്ഷണരംഗത്ത് ലോകത്തിനുതന്നെ മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് സീഡ് നടപ്പിലാക്കുന്നത്. പരമ്പരാഗത വൃക്ഷസംരക്ഷണ രീതിയില്‍നിന്ന് വിദ്യാര്‍ഥികള്‍ ഏറെ മുന്നേറിക്കഴിഞ്ഞു. പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാനായി ആണിയടിക്കുന്നതിലൂടെ വഴിയോരത്തെ മരങ്ങള്‍ നശിക്കുന്നത് തടയാനായി കുട്ടികള്‍ രംഗത്തിറങ്ങി.
മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹൈസ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ വഴിയോരമരങ്ങളെ രക്ഷിക്കാനായി ഹൈക്കോടതിയെ സമീപിച്ചു. കോടതിയുത്തരവനുസരിച്ച് സര്‍ക്കാര്‍ തന്നെ മരങ്ങളിലെ പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിറക്കി. തുടര്‍ന്ന് 2014 ഫിബ്രവരി 9,10 തീയതികളില്‍ സീഡ് പ്രവര്‍ത്തകര്‍ സംസ്ഥാനത്തുടനീളം 'ഫ്രീ ദ ട്രീ കാംപയിന്‍' നടത്തുകയും മരങ്ങളില്‍ തൂക്കിയ പരസ്യബോര്‍ഡുകള്‍ കണ്ടെത്തി അവ നീക്കം ചെയ്യാന്‍ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. വേറിട്ട ഈ പ്രവര്‍ത്തനമാണ് സീഡിന് അവാര്‍ഡ്' നേടിക്കൊടുത്തത്.
വളര്‍ന്നുവരുന്ന തലമുറയെ പ്രകൃതിസംരക്ഷകരാക്കിമാറ്റാന്‍ ഉപകരിക്കുന്ന ഉത്തമ മാതൃകയാണ് പ്രവര്‍ത്തനമെന്ന് ജൂറി വിലയിരുത്തി.
സ്‌പെഷല്‍ കാറ്റഗറി വിഭാഗത്തിലെ ഈ അവാര്‍ഡിന് ജര്‍മനിയിലെ ഗ്രീന്‍ടെക് ക്യാമ്പസ് പ്രത്യേക അംഗീകാരവും നല്‍കി.
ആഗോളതാപനത്തിനെതിരെ ലോകം ശ്രദ്ധിക്കുന്ന മാതൃകകള്‍ നടപ്പിലാക്കുന്ന എല്ലാ സീഡ് പ്രവര്‍ത്തകര്‍ക്കും മാതൃഭൂമിയുടെ നന്ദി.