സ്‌കൂള്‍ തോട്ടത്തിലെ പച്ചക്കറി വിളവെടുപ്പ് ഉത്സവമായി

Posted By : pkdadmin On 20th September 2014


 

 
 
 
അലനല്ലൂര്‍: രണ്ടരയേക്കറോളം വരുന്ന സ്‌കൂള്‍വളപ്പില്‍ വിദ്യാര്‍ഥികള്‍ വിളയിച്ച പച്ചക്കറിവിളവെടുപ്പ് നാടിന്റെ ഉത്സവമായി.
എടത്തനാട്ടുകര ടി.എ.എം.യു.പി.സ്‌കൂളിലെ സീഡ് 
 കാര്‍ഷികക്ലബ്ബിന്റെ നേതൃത്വത്തിലാണ് 40ഓളം വിദ്യാര്‍ഥികള്‍ പച്ചക്കറിക്കൃഷി നടത്തിയത്. മണ്ണിളക്കാതെയുള്ള ജൈവകൃഷിരീതിയിലായിരുന്നു കൃഷി.
 ചിരങ്ങ, വെണ്ട, മത്തന്‍, പപ്പായ, വഴുതിന, മുരിങ്ങ, കുമ്പളം, വാഴ തുടങ്ങിയ വിളവുകളാണ് കൃഷിയിറക്കിയത്. ഒഴിവുസമയത്തും അവധിദിവസങ്ങളിലുമായിരുന്നു അധ്യാപകരുടെ കാര്‍ഷികപഠനം. പി.ടി.എ. കമ്മിറ്റിയും യുവജന ക്ലബ്ബുകളും കൃഷിജോലികളില്‍ സഹായിക്കാന്‍ അവധിദിനങ്ങളില്‍ സ്‌കൂളില്‍ എത്തിയിരുന്നു.
നാല് ക്വിന്റലിലധികം കാര്‍ഷിക ഉത്പന്നങ്ങളാണ് ഇത്തവണ സ്‌കൂളില്‍ വിളവെടുത്തത്. പച്ചക്കറികളെല്ലാം സ്‌കൂളിലെ ഉച്ചഭക്ഷണ പരിപാടിയില്‍ ഉപയോഗിക്കാനാണ് തീരുമാനം.
വിളവെടുപ്പുത്സവം പഞ്ചായത്ത് പ്രസിഡന്റ് മഠത്തൊടി റഹ്മത്ത് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് പുത്തംകോട്ട് ഉമ്മര്‍ അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്തംഗം പി.കദീജ വിളവ് ഏറ്റുവാങ്ങി. വിദ്യാര്‍ഥികള്‍ സമാഹരിച്ച ചികിത്സാസഹായനിധി ബ്ലോക്ക് പഞ്ചായത്തംഗം പി.റഫീഖ ഏറ്റുവാങ്ങി. സ്‌കൂള്‍ മാനേജര്‍ വി.ടി.ഹംസ, പി.ടി.എ. പ്രസിഡന്റ് കെ.ടി.അബ്ദുള്‍നാസര്‍, ഹെഡ്മിസ്ട്രസ് കെ.വി.ഷൈല, കെ.ജാസിറ, ടി.കെ.മുഹമ്മദ്, എം.കെ.അലി എന്നിവര്‍ പ്രസംഗിച്ചു.