ഒറ്റപ്പാലം: കടമ്പൂര് സജീഷിന് അമ്പലപ്പാറ പഞ്ചായത്തിലെ മികച്ച കുടുംബകൃഷിക്കുള്ള കുട്ടിക്കര്‍ഷക അവാര്‍ഡ്. കടമ്പൂര് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാംതരം വിദ്യാര്‍ഥിയായ ഈ മിടുക്കന് സീഡിന്റെ സജീവ പ്രവര്‍ത്തകനാണ്.
വീടിന്റെ ടെറസിലാണ് പച്ചക്കറിക്കൃഷി. കയ്പ, പടവലം, വഴുതിന, മുളക് എന്നിങ്ങനെ മിക്ക പച്ചക്കറികളും തോട്ടത്തിലുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ എം. ഹംസ എം.എല്‍.എ.യില്നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
കടമ്പൂരിലെ ഏര്പ്പശ്ശേരി ഗംഗാധരന്റെയും ഉഷയുടെയും മകനാണ് സജീഷ്. സ്കൂള്‍ പ്രധാനാധ്യാപകന് കെ. രാമന്‍കുട്ടി, പി.ടി.എ. പ്രസിഡന്റ് എം. മുരളീധരന്, സീഡ് കോഓര്‍ഡിനേറ്റര്‍ കെ. സതീഷ്കുമാര്‍ എന്നിവര്‍ വീട്ടിലെത്തി സജീഷിന്റെ പച്ചക്കറിത്തോട്ടം സന്ദര്‍ശിച്ചു.
കുട്ടികളുടെ വീടുകളില്‍ വിഷമുക്ത പച്ചക്കറിയുണ്ടാക്കാന്‍ സീഡ്ക്ലബ്ബ് പരിപാടി നടപ്പാക്കുന്നുണ്ട്. അതിനിടയില്‍ വിദ്യാര്‍ഥിക്ക് ലഭിച്ച പുരസ്കാരം സീഡ്ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിന് പ്രചോദനമായി.