ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത മൈ ട്രീ ചലഞ്ച് പദ്ധതി തെങ്ങിൻതൈ നട്ട്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭ ഹരി ഉദ്ഘാടനം ചെയ്യുന്നു
ചാരുംമൂട്: സിനിമ നടൻ മമ്മൂട്ടിയുടെ മൈ ട്രീ ചലഞ്ച് പദ്ധതി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണസ്ഥാപനം പദ്ധതി ഏറ്റെടുക്കുന്നത്.
‘മാതൃഭൂമി’ സീഡിന്റെ വിശിഷ്ട ഹരിതവിദ്യാലയമായ താമരക്കുളം വി.വി.എച്ച്.എസ്.എസ്സിലെ തളിര് സീഡ് നേച്ചർ ക്ലബ്ബ്, ഒരാഴ്ചമുമ്പ് മൈ ട്രീ ചലഞ്ച് പദ്ധതി ഏറ്റെടുത്തിരുന്നു. പദ്ധതിയിൽ വൃക്ഷത്തൈ നടുന്നതിനായി എത്തിയ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. വിനോദ് സീഡ് ക്ലബ്ബിന്റെ ചലഞ്ച് ഏറ്റെടുത്തു. തുടർന്ന് ആലപ്പുഴ ജില്ലാ പഞ്ചായത്തിനെയും ബ്ലോക്ക് അതിർത്തിയിലെ ആറ് ഗ്രാമപ്പഞ്ചായത്തുകളെയും ചലഞ്ച് ചെയ്തുകൊണ്ടാണ് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ വെള്ളിയാഴ്ച വൈകിട്ട് പദ്ധതി നടപ്പാക്കിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭ ഹരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ തെങ്ങിൻതൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 73 ഗ്രാമപ്പഞ്ചായത്തുകളിലും പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുമെന്ന് അവർ പറഞ്ഞു.
26ന് നടക്കുന്ന ജില്ലാ പഞ്ചായത്ത് യോഗത്തിൽ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും വൃക്ഷത്തൈ വിതരണം ചെയ്ത് ചലഞ്ച് ചെയ്യുമെന്ന് നൂറനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശോഭരാജു, ചുനക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി. ബിനു, പാലമേൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. ബിജു, ഭരണിക്കാവ് ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ. ഗംഗ, താമരക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. ശിവൻപിള്ള, ബ്ലോക്ക് പഞ്ചായത്ത് കെട്ടിടസമുച്ചയത്തിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവര് പ്രതിഭ ഹരിയിൽനിന്ന് വൃക്ഷത്തൈ ഏറ്റുവാങ്ങി ചലഞ്ച് ഏറ്റെടുത്തു.മാതൃഭൂമി സീഡ് ജില്ലാ എക്സിക്യൂട്ടീവ് അമൃതാ സെബാസ്റ്റ്യൻ പദ്ധതി വിശദീകരിച്ചു.
ജില്ലാ പഞ്ചായത്തംഗം എ.എം. ഹാഷിർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി ആനന്ദക്കുട്ടൻ, ബി.ഡി.ഒ മോഹനൻ, ജനപ്രതിനിധികളായ എ. മുരളി, ഡി. തമ്പാൻ, പി. അശോകൻ നായർ, കെ. ഫസൽ അലിഖാൻ, ഗിരിജ ബാബു, കലാദേവരാജൻ, എസ്. മധുകുമാർ, മനോജ് കമ്പനിവിള, താമരക്കുളം വി.വി.എച്ച്.എസ് സീഡ് കോ-ഓർഡിനേറ്റർ എൽ. സുഗതൻ, എന്നിവർ പങ്കെടുത്തു.