കൂത്തുപറമ്പ്: കുളങ്ങള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൂത്തുപറമ്പ് ഹൈസ്‌കൂളിലെ സീഡംഗങ്ങള്‍ കൃഷിമന്ത്രി കെ.പി.മോഹനന് വീട്ടിലെത്തി നിവേദനം നല്കി.
മാങ്ങാട്ടിടം ഗ്രാമപ്പഞ്ചായത്തിന്റെയും കൂത്തുപറമ്പ് നഗരസഭയുടെയും അതിര്‍ത്തിപങ്കിടുന്ന കുറുമ്പുക്കലില്‍ വലുതും ചെറുതുമായ 80 ഓളം കുളങ്ങള്‍ ഉള്ളതായി സീഡംഗങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത്രയും കുളങ്ങള്‍ സംരക്ഷിക്കാന്‍ സാധിച്ചാല്‍ പ്രദേശത്തെ വരള്‍ച്ചയെ തടയാനും കാര്‍ഷികമേഖലയെ അഭിവൃദ്ധിപ്പെടുത്താനും കഴിയുമെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാറിന്റെ സഹസ്രസരോവര്‍ പദ്ധതിപോലുള്ള ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളങ്ങളെ സംരക്ഷിക്കാന്‍ നടപടി ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു.
നിവേദനം സ്വീകരിച്ച മന്ത്രി കുളങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്കി.
സീഡ് കണ്‍വീനര്‍ കുന്നുമ്പ്രോന്‍ രാജന്‍, പി.ടി.എ. പ്രസിഡന്റ് വി.വി.ദിവാകരന്‍, സീഡംഗങ്ങളായ സ്വീറ്റി സുന്ദര്‍, ജിബിന്‍രാജ്, ആര്‍ഷ, അഖിലേഷ്, വര്‍ണാരാജ്, അസറുദ്ദീന്‍, സഞ്ചയ് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.