‘മൈ ട്രീ ചലഞ്ച്’ ഏറ്റെടുത്ത് വിശിഷ്ട ഹരിതവിദ്യാലയം

Posted By : Seed SPOC, Alappuzha On 17th September 2014


 ചാരുംമൂട്: സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്തെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ട താമരക്കുളം വി.വി.എച്ച്.എസ്.എസ്., സിനിമാതാരം മമ്മൂട്ടിയുടെ 'മൈ ട്രീ ചലഞ്ച്' ഏറ്റെടുത്തു. 

വിദ്യാലയത്തിലെ തളിര് സീഡ് ക്‌ളബ്ബാണ് വെല്ലുവിളി ഏറ്റെടുത്ത് മുന്നേറുന്നത്.  'മാതൃഭൂമി' സീഡ് പദ്ധതിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷമാണ് സംസ്ഥാനതലത്തില്‍ സ്‌കൂള്‍ ഒന്നാംസ്ഥാനത്തിന് അര്‍ഹമായി വിശിഷ്ട ഹരിതവിദ്യാലയ പുരസ്‌കാരം നേടിയത്. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. വിനോദ് അകില്‍ മരംനട്ട് പദ്ധതിക്ക് തുടക്കമിട്ടു. 
ബ്ലോക്ക് പഞ്ചായത്തിലുടനീളം പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. 
ചാരുംമൂട് മൈത്രി ഫൈന്‍ ആര്‍ട്‌സും കരിമുളയ്ക്കല്‍ എം.എസ്.സി. എല്‍.പി.സ്‌കൂളും കറ്റാനം പോപ്പ് പയസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്‌ളബ്ബും അടൂര്‍ പഴകുളം കൃപ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്‌ളബ്ബും താമരക്കുളം സ്‌കൂളിന്റെ 'മൈ ട്രീ ചലഞ്ച്' വെല്ലുവിളി ഏറ്റെടുക്കാനായി ചടങ്ങില്‍ എത്തിയിരുന്നു.
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള വൃക്ഷത്തൈ മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജര്‍ സി. സുരേഷ്‌കുമാറില്‍നിന്ന് പ്രസിഡന്റ് വി. വിനോദ് ഏറ്റുവാങ്ങി. കറ്റാനം പോപ്പ് പയസ് സ്‌കൂളിനുള്ള വൃക്ഷത്തൈ മൈത്രി ഫൈന്‍ ആര്‍ട്‌സ് പ്രസിഡന്റ് കെ. മുരളീധരന്‍ നായരും കരിമുളയ്ക്കല്‍ എം.എസ്.സി. എല്‍.പി.എസ്സിനുള്ള വൃക്ഷത്തൈ ഹെഡ്മിസ്ട്രസ് സുനിത ഡി.പിള്ളയും മൈത്രി ഫൈന്‍ ആര്‍ട്‌സിനുള്ള വൃക്ഷത്തൈ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. വിനോദും വിതരണം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് എസ്. മധുകുമാര്‍, പ്രിന്‍സിപ്പല്‍ ജിജി എച്ച്.നായര്‍, ആര്‍. പദ്മാകരന്‍ നായര്‍, പി.എം. ഷെരീഫ്, പി. പ്രസാദ്, മുഹമ്മദ് ഇക്ബാല്‍, സുരേഷ്, ശ്രീഹരി, എന്‍. രാധാകൃഷ്ണപിള്ള, എ.എന്‍. ശിവപ്രസാദ്, ആര്‍. അനില്‍കുമാര്‍, സജി കെ.വര്‍ഗീസ്, വിനോദ്കുമാര്‍, സീഡ് കോഓര്‍ഡിനേറ്റര്‍ എല്‍. സുഗതന്‍ എന്നിവര്‍ പങ്കെടുത്തു.