സീഡ് കൂട്ടായ്മ പച്ചക്കറിക്കൃഷി മത്സരത്തിന്

Posted By : mlpadmin On 17th September 2014


വാളക്കുളം: വാളക്കുളം കെ.എച്ച്.എം ഹൈസ്‌കൂള്‍ 'സീഡ്' ക്ലബ്ബിന്റെ നേതൃത്വത്തില്‍ വീട്ടുവളപ്പില്‍ പച്ചക്കറിക്കൃഷി മത്സരം സംഘടിപ്പിക്കുന്നു. തിരഞ്ഞെടുത്ത 2000 വിദ്യാര്‍ഥികളുടെ വീടുകളിലാണ് മത്സരം. വിദ്യാര്‍ഥികളില്‍ കാര്‍ഷിക വൃത്തിയോടുള്ള ആഭിമുഖ്യം വളര്‍ത്തിയെടുക്കുകയാണ് വിദ്യാലയം ലക്ഷ്യമിടുന്നത്. സംസ്ഥാന കൃഷിവകുപ്പില്‍നിന്ന് ലഭിച്ച 2000 വിത്തുകിറ്റുകളാണ് ഇതിന് ഉപയോഗിക്കുന്നത്. പ്രത്യേക കര്‍മസമിതി കൃഷിയിടം സന്ദര്‍ശിച്ച് മികച്ച ബാലകര്‍ഷകനെ കണ്ടെത്തി ശ്രേഷ്ഠബാല കര്‍ഷകരത്‌നം അവാര്‍ഡ് നല്‍കും.കുടുംബകൃഷി വിത്തുവിതരണം തെന്നല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മാതോളി നഫീസു ഉദ്ഘാടനംചെയ്തു. സ്‌കൂള്‍ ലീഡര്‍ അജീഷ് കെ.ടി ആദ്യ വിത്തുപായ്ക്കറ്റ് സ്വീകരിച്ചു. പ്രധാനാധ്യാപിക ആര്‍. മാലിനി, തെന്നല കൃഷി ഓഫീസര്‍ ആര്‍. നിമ്മി, അസി. കൃഷി ഓഫീസര്‍ രാധാകൃഷ്ണപിള്ള എസ്, ഇ.കെ. അബ്ദുറസാഖ്, കെ.പി. ഷാനിയാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.