മണ്ണിന്റെയും മനുഷ്യന്റെയും സംരക്ഷണത്തിന് മാതൃഭൂമി സീഡ് ഹരിതഗ്രാമം

Posted By : ptaadmin On 13th September 2014


അടൂര്‍: ഒരു നാടിനെ വിഷമയമില്ലാത്ത കാര്‍ഷിക പ്രദേശമാക്കാന്‍ പറക്കോട് അമൃത ബോയ്‌സ് ഹൈസ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലൂബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. സ്‌കൂളിലെത്തുന്ന കുട്ടികളുടെ രക്ഷാകര്‍ത്താക്കളില്‍ ഭൂരിഭാഗവും കര്‍ഷകരാണെന്ന തിരിച്ചറിവ് ഉള്‍ക്കൊണ്ടാണ് ഒരു വര്‍ഷം നീണ്ടുനില്കുന്ന ഈ ഹരിത കൂട്ടായ്മക്ക് സീഡ് ക്ലൂബ്ബ് തയ്യറായത്.
രാജഭരണകാലത്തിന്റെ പ്രതാപംപേറിനില്കുന്ന പറക്കോട് അനന്തരാമപുരം മാര്‍ക്കറ്റില്‍ ഒരു കാലത്ത് പ്രദേശത്തെ കാര്‍ഷിക വിളകളായിരുന്നു ആശ്രയം. എന്നാല്‍, ഇപ്പോള്‍ അത് വിഷംവമിക്കുന്ന അന്യസംസ്ഥാന വിളകളായി മാറി. കൂടുതല്‍ വിളകള്‍ക്കായി പ്രദേശത്തെ കര്‍ഷകരും വീര്യമുള്ള കീടനാശിനികളും മറ്റ് മരുന്നുകളും കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. മനുഷ്യര്‍ക്ക് മാരക രോഗങ്ങള്‍വരെ ഉണ്ടാക്കാന്‍ ശേഷിയുള്ള ഈ വിഷപ്രയോഗത്തില്‍ നിന്ന് കര്‍ഷകരെ മോചിപ്പിക്കാനും മണ്ണിനെ സംരക്ഷിക്കാനുമായിട്ടാണ് ലയണ്‍സ് ക്ലൂബ്ബ് ഓഫ് അടൂര്‍ അരിസ്റ്റോയുടെ സഹകരണത്തോടെ ഹരിത കൂട്ടായ്മക്ക് തുടക്കമിട്ടത്.
ഇതിന്റെ ആദ്യഘട്ടമായി കുട്ടികളുടെ സംഘങ്ങള്‍ പ്രദേശത്തെ വീടുകളിലെത്തി കര്‍ഷകരെപ്പറ്റിയുള്ള സര്‍വേ തുടങ്ങി. കൃഷിസ്ഥലവും കൃഷിരീതികളും കാര്‍ഷിക വിളകളും കുട്ടികള്‍ നേരിട്ട് മനസ്സിലാക്കിയാണ് സര്‍വേ നടത്തുന്നത്. ഇത് ക്രോഡീകരിച്ച് കര്‍ഷക രജിസ്റ്ററും സ്‌കൂളില്‍ തയ്യറാക്കും. ഇതില്‍നിന്ന് മികച്ച 50 കര്‍ഷകരെ തിരഞ്ഞെടുത്ത് സ്‌കൂളില്‍വച്ച് കര്‍ഷക സംഗമം നടത്താനും സീഡ് ക്ലൂബ്ബ് തീരുമാനിച്ചിട്ടുണ്ട്.
രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കി മണ്ണിന്റെ ഫലഭുഷ്ടി നഷ്ടപ്പെടുത്താതെ മികച്ച വിളവ് ലഭിക്കുന്ന ആധുനിക കൃഷിരീതികള്‍ വിവരിക്കുന്ന ലഘുലേഖകളും കുട്ടികള്‍ സര്‍വേക്ക് ഒപ്പം വീടുകളില്‍ വിതരണം ചെയ്യുന്നു. ഓരോ മാസവും കര്‍ഷകരുടെ സംഘം സ്‌കൂളില്‍ എത്തി അനുഭവങ്ങളും ആശയങ്ങളും പരസ്​പരം കൈമാറാനുള്ള സൗകര്യവും ഈ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് അഡ്വ. ശാസ്താമഠം ശ്രീകുമാര്‍ നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് എ.ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, ആര്‍.മധുസൂദനന്‍നായര്‍, പി.ആര്‍.സുജയന്‍തമ്പി, ലയണ്‍സ് ക്ലൂബ്ബ് ഭാരവാഹികളായ ഡോ.ഡി.ഗോപി മോഹന്‍, ഫിലിപ്പ്, ജയകുമാര്‍, പി.ആര്‍.ഒ.സുരേഷ് ബാബു, എം.സി.ബിജു, ലയണ്‍സ് ക്ലൂബ്ബ് ഡിസ്ട്രിക്ട് ചെയര്‍പേഴ്‌സണ്‍ സുനില്‍കുമാര്‍, മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജി.മനോജ്, അനന്തുകൃഷ്ണനുണ്ണി, അരവിന്ദ് കൃഷ്ണന്‍, ഭുവന്‍ ആര്‍.കുറുപ്പ്, മുഹമ്മദ് റാബിയ എന്നിവര്‍ നേതൃത്വം നല്‍കി.