കരിവെള്ളൂര്: 32 വര്ഷത്തിനുശേഷം കണ്ടുമുട്ടുന്ന പഴയസഹപാഠിക്ക് നെല്ലിമരെത്തെ സ്‌നേഹസമ്മാനമായി നല്കി സതീര്‍ഥ്യരുടെ കുടുംബസംഗമം. കരിവെള്ളൂര് എ.വി.സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1982 എസ്.എസ്.എല്‍.സി. ബാച്ച് സതീര്‍ഥ്യരാണ് പരിസ്ഥിതിപ്രവര്‍ത്തനത്തിലൂടെ ഒത്തുചേര്‍ന്നത്. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് നെല്ലിമരതൈത്തൈകള്‍ വിതരണംചെയ്തത്. സംഗമത്തിനെത്തിയ മുന്നോറോളം പേര്‍ക്കും നെല്ലിമരത്തൈകള്‍ വിതരണംചെയ്തു. സ്മൃതിമരമെന്ന പേരില്‍ മുഴുവന്‍ തൈകളും സംഗമത്തിനെത്തിയവരുടെ വീടുകളില്‍ നട്ടുവളര്‍ത്തും. സ്‌കൂളിലെ പൂര്‍വ അധ്യാപകന് കെ.കൃഷ്ണന്‍ നമ്പ്യാര്‍ ആദ്യ തൈ വിതരണംചെയ്തു. കുടുംബസംഗമം റിട്ട. ഡി.ഡി.ഇ. ടി.എസ്.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കരിവെള്ളൂര്‍ മുരളി മുഖ്യപ്രഭാഷണം നടത്തി. കെ.വിജയന് അധ്യക്ഷനായിരുന്നു. വി.വി.രവീന്ദ്രന്‍, പി.വി.നാരായണന്‍, ടി.പി.കണ്ടക്കോരന്‍, കെ.ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.രാധാകൃഷ്ണന്‍ സ്വാഗതവും കെ.ശോഭ നന്ദിയും പറഞ്ഞു. ചിലങ്ക കലാക്ഷേത്രത്തിന്റെയും സതീര്‍ഥ്യരുടെയും കലാപരിപാടികളുമുണ്ടായി.