തൃശ്ശൂര്‍: ഭൂമിക്കു വേണ്ടി മമ്മൂട്ടി നട്ട മഹാദൗത്യം ഇനി 'സീഡി'ലൂടെ കേരളത്തിലെ ഏഴായിരത്തോളം പള്ളിക്കൂടങ്ങളില്‍ വന്‍മരമായി വളരും. തണലിനും തണുപ്പിനും വരുംതലമുറയ്ക്കായി മമ്മൂട്ടി തുടക്കമിട്ട 'മൈ ട്രീ ചലഞ്ചി'നോട് 'മാതൃഭൂമി'യുടെ പ്രകൃതിസംരക്ഷണ യജ്ഞമായ 'സീഡ്' കൈകോര്‍ത്തു.
തൃശ്ശൂരില്‍ പുതിയ സിനിമയായ 'വര്‍ഷ'ത്തിന്റെ ലൊക്കേഷനില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടിയില്‍ നിന്ന് തൃശ്ശൂര്‍ ചന്ദ്രാ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മരത്തൈ ഏറ്റുവാങ്ങിയതോടെയാണ് മൈ ട്രീ ചലഞ്ച്-സീഡ് സഖ്യത്തിന് തുടക്കമായത്. വരിക്ക പ്ലാവിന്റെ തൈയാണ് 'സീഡി'ന്റെ പ്രതിനിധികള്‍ക്ക് മമ്മൂട്ടി സമ്മാനമായി നല്‍കിയത്. പരിസ്ഥിതി സംരക്ഷണത്തിനുള്ള 'മാതൃഭൂമി'യുടെ ഉദാത്ത മാതൃകയായ 'സീഡ്' സഹകരിക്കുന്നതോടെ 'മൈ ട്രീ ചലഞ്ചി'ന്റെ സന്ദേശം പുതുതലമുറയിലേക്കെത്തുമെന്ന് മമ്മൂട്ടി പറഞ്ഞു. മരം നടല്‍ മാത്രംകൊണ്ട് കാര്യമില്ലെന്നും അത് പരിപാലിക്കലാണ് പ്രധാനമെന്നും സീഡിന് അത് സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'മാതൃഭൂമി' തൃശ്ശൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ. വിനോദ്ചന്ദ്രന്‍, െഡപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജര്‍ (അഡ്വര്‍ടൈസിങ്) വിഷ്ണു നാഗപ്പള്ളി, ചലച്ചിത്ര നിര്‍മാതാവ് എസ്. ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ലോകമെങ്ങും തരംഗമായി മാറിയ 'ഐസ് ബക്കറ്റ് ചലഞ്ചി'ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മമ്മൂട്ടി 'മൈ ട്രീ ചലഞ്ചി'ന് തുടക്കമിട്ടത്. ഒരു മരം നടുകയും അങ്ങനെ ചെയ്യാനായി മൂന്ന് പേരെ വെല്ലുവിളിക്കുകയുമാണ് 'മൈ ട്രീ ചലഞ്ചി'ലൂടെ ഉദ്ദേശിക്കുന്നത്. മമ്മൂട്ടിയുടെ സന്ദേശം ഏറ്റെടുത്തുകൊണ്ട് സിനിമയിലേയും വ്യാവസായിക മേഖലയിലേയും പ്രമുഖര്‍ മുതല്‍ സാധാരക്കാര്‍ വരെ മരംനട്ട് തുടങ്ങിയിട്ടുണ്ട്. മരം നട്ടുനനച്ച് വളര്‍ത്തുകയും പ്രകൃതിക്കു വേണ്ടി പ്രയത്‌നിക്കുകയും ചെയ്തുകൊണ്ട് കേരളത്തിലെ സ്‌കൂളുകളില്‍ ആദ്യമായി പുതിയൊരു പരിസ്ഥിതി സംസ്‌കാരത്തിന് തുടക്കമിട്ട സീഡും മൈ ട്രീ ചലഞ്ചും ഒത്തുചേരുന്നതോടെ സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് പച്ചപ്പിന്റെ സന്ദേശം വേരാഴ്ത്തും.
'സീഡി'ന്റെ തുടക്കം തൊട്ടേ ഒപ്പമുണ്ട്, മമ്മൂട്ടി. സീഡിന്റെ ഭാഗമായി കൊച്ചിയിലെ വീട്ടില്‍ മമ്മൂട്ടി നട്ട പേര മരവും സരോവരം ഹോട്ടല്‍ വളപ്പില്‍ നട്ട നെല്ലിമരവും വലുതായി കഴിഞ്ഞു. 'സീഡു'മായി ബന്ധപ്പെട്ട പല പരിപാടികളിലും മമ്മൂട്ടിയുടെ സാന്നിധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ 'മൈ ട്രീ ചലഞ്ചി'നോട് സഹകരിക്കാനുള്ള 'സീഡി'ന്റെ താത്പര്യത്തെ അദ്ദേഹം ഹൃദയപൂര്‍വം സ്വീകരിച്ചു. സ്‌കൂളുകളില്‍ 'മൈ ട്രീ ചലഞ്ചി'ന്റെ വിത്തു വിതയ്ക്കുന്നതിനായി 'സീഡ്' പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ വിവിധതരം പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.