ഒറ്റപ്പാലം: ആഘോഷത്തോടൊപ്പം നല്ലമനസ്സുകൾകൊണ്ട് തണലൊരുക്കി ചെറുമുണ്ടശ്ശേരിയിലെ കുട്ടികൾ ഓണം വേറിട്ടതാക്കി. രോഗബാധിതനായ രാമകൃഷ്ണന്റെ കുടുംബത്തിന് ഓണസമ്മാനം നൽകിയാണ് ചെറുമുണ്ടശ്ശേരി യു.പി.സ്കൂളിലെ ഹരിതം സീഡ് ക്ലബ്ബ് അംഗങ്ങൾ വ്യത്യസ്തരായത്.
വസ്ത്രങ്ങൾ, ഓണക്കിറ്റ്, വാഴക്കുല, പച്ചക്കറികൾ എന്നിവ രാമകൃഷ്ണന്റെ അമ്മ കാളിക്ക് കുട്ടികൾ വീട്ടിലെത്തി കൈമാറി.
അരയ്ക്കുതാഴെ തളർന്ന രാമകൃഷ്ണന്റെ ദുരിതം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സീഡ് ക്ലബ്ബ് അംഗങ്ങൾ രംഗത്തെത്തുകയായിരുന്നു. ‘സഹജീവിക്ക് ഒരുപിടിച്ചോറ്’ പദ്ധതിയിൽ തങ്ങളുടെ ആഹാരത്തിനുള്ള ഒരുപിടിയരി മാറ്റിവെക്കാൻ വിദ്യാർഥികൾ തയ്യാറായി.
ഇങ്ങനെ വിദ്യാർഥികൾ സ്വരൂപിച്ച ഒരുചാക്ക് അരിയും സീഡ് ക്ലബ്ബംഗങ്ങൾ സ്വരൂപിച്ച പണവുമുപയോഗിച്ച് വാങ്ങിയ സാധനങ്ങളുമാണ് നൽകിയത്. സീഡ് കോ-ഓർഡിനേറ്റർ എൻ. അച്യുതാനന്ദൻ, കെ. മഞ്ജു, സീഡ് റിപ്പോർട്ടർ ബി. അനശ്വര, കെ. അനുഷ, കെ. രാഹുൽ, കെ.മുഹമ്മദ് അനസ് എന്നിവർ നേതൃത്വം നൽകി.