കൊട്ടിയം: പരിസ്ഥിതി സ്‌നേഹത്തിന് മാതൃകയായി ഉമയനല്ലൂര് കല്ലുക്കുഴിയിലെ എച്ച്.കെ.എം. കോളേജ്. മൂന്നര ഏക്കര് വിസ്തൃതിയുള്ള കാമ്പസില് വിവിധയിനം കൃഷികളാണ് ചെയ്തിട്ടുള്ളത്. അടുക്കള പച്ചക്കറിത്തോട്ടം മുതല് അങ്ങാടി മരുന്നായ രാമച്ചംവരെ ഇവിടെ കൃഷി ചെയ്തിട്ടുണ്ട്. മാതൃഭൂമി സീഡ് പദ്ധതിയുടെ പിന്ബലത്തോടെയാണ് ഹരിതവിപ്ലവം. റസിഡന്ഷ്യല് പബ്ലിക് സ്‌കൂള്, കിന്റര് ഗാര്ട്ടന്, ഹയര് സെക്കന്ഡറി, ടി.ടി.ഐ, ടി.ടി.സി., ബി.എഡ്. എന്നിവയോടുകൂടിയതാണ് കോളേജ്.
കാമ്പസിനുള്ളില് ചാമ്പപ്പൂവന്, പച്ചച്ചിങ്ങന്, പാളയംതോടന്, കപ്പ, പൊന്തന്കായ തുടങ്ങി ഏത്തവാഴവരെ ഉണ്ട്.
അടുക്കള പച്ചക്കറിത്തോട്ടം കൃഷിഭവന്റെ സഹായത്തോടെയാണ് നടത്തുന്നത്. മയ്യനാട് കൃഷിഭവനില്‌നിന്ന് പച്ചക്കറി വിത്ത് എത്തിച്ചാണ് കൃഷി. വിത്തുപാകലും തോട്ടത്തിന്റെ സംരക്ഷണ പരിപാലന ചുമതലയും പൂര്ണമായും കുട്ടികള്ക്കാണ്. വിദ്യാഭ്യാസത്തോടൊപ്പം മണ്ണിനെയും പ്രകൃതിയെയും അറിയുക, യുവതലമുറയ്ക്ക് കാര്ഷിക മേഖലയില് അഭിരുചി വളര്ത്തുക തുടങ്ങിയ ലക്ഷ്യത്തോടെ കാമ്പസില് കൃഷി നിര്ബന്ധമാക്കിയതെന്ന് ട്രസ്റ്റ് ചെയര്മാന് എച്ച്.അബ്ദുള് കരീം പറഞ്ഞു. വാഴക്കൃഷിക്കൊപ്പം ചേന, ചേമ്പ്, മരച്ചീനി, ചെറുനാരങ്ങ, കറിനാരങ്ങ, സപ്പോട്ട, ബ്ലാത്തി, ഇഞ്ചി, കുരുമുളക്, കാന്താരിമുളക്, കത്രിക്ക, മത്തങ്ങ, പച്ചമുളക്, പപ്പായ, പുളിഞ്ചിക്ക, ഇലിമ്പിയ്ക്ക, മുള്ള്ബ്ലാത്തി, നാടന് ബ്ലാത്തി, കാരയ്ക്ക, ചാമ്പയ്ക്ക, കായ്ച്ചുനില്ക്കുന്ന മാതളമരം ഇങ്ങനെ നീളുന്നു ഇവിടുത്തെ വിളകള്.