വിത്തുകളും വിളകളും നിറഞ്ഞ ഓണക്കളം

Posted By : ptaadmin On 8th September 2014


 പത്തനംതിട്ട: കളംവരച്ച് അതില്‍ കാര്‍ഷികവിളകള്‍ നിറച്ചപ്പോള്‍ അത് പൂക്കളത്തെ വെല്ലുന്ന കളമായി. വ്യത്യസ്ത നിറങ്ങളില്‍ വിവിധ വിളകള്‍ നിറച്ചാണ് ഓണക്കളമൊരുക്കിയത്. പൂക്കള്‍ക്കൊണ്ട് പൂക്കളമൊരുക്കിയതിനുപുറമേയാണ് കോന്നി ഗവ. എച്ച്.എസ്.എസ്സിലെ മാതൃഭൂമി സീഡ്ക്ലബ് പ്രവര്‍ത്തകര്‍ വ്യത്യസ്തമായ ഓണക്കാഴ്ച ഒരുക്കിയത്. കിട്ടാവുന്ന വിത്തുകളെല്ലാം ശേഖരിച്ച് അവര്‍ ഒരുക്കിയ മറ്റൊരു കളം വിത്തുകളമായിരുന്നു. ചെറുപയര്‍, നെല്ല്, അരി എന്നിവയെല്ലാം വിത്തുകളത്തിലുണ്ടായിരുന്നു. നാരങ്ങ, ആപ്പിള്‍, തക്കാളി എന്നിവ ഉപയോഗിച്ചുള്ള ഫലക്കളം, വിവിധതരം ഇലകള്‍ ഉപയോഗിച്ചുള്ള ഇലക്കളം എന്നിവയും ശ്രദ്ധയമായി. 
കാര്‍ഷികവിളകള്‍ ഉപയോഗിച്ചുണ്ടാക്കിയ കളത്തില്‍ വാഴക്കൂമ്പ്, പച്ചമുളക്, വെള്ളരി എന്നിവ ഉപയോഗിച്ചു. ഓമയ്ക്ക മുറിച്ച് അതില്‍ എണ്ണയൊഴിച്ച് തിരിയും കൊളുത്തിവച്ചു. പൂക്കള്‍, വിത്തുകള്‍, ഫലങ്ങള്‍, ഇലകള്‍ എന്നിവയുടെ വൈവിധ്യം ആസ്വദിക്കുന്നതിനും പ്രകൃതിസംരക്ഷണമനോഭാവം വളര്‍ത്തുന്നതിനുമാണ് ഓണക്കളം ഒരുക്കിയത്. കുട്ടികള്‍തന്നെയാണ് കളത്തിന്റെ ഡിസൈനും തയ്യാറാക്കിയത്. ഭൂരിഭാഗം വിളകളും ഫലങ്ങളും അവര്‍ വീടുകളില്‍നിന്ന് കൊണ്ടുവന്നതാണ്. ഓണപ്പാട്ടിനൊപ്പം നാടന്‍പാട്ടും കൃഷിപ്പാട്ടും കുട്ടികള്‍ അവതരിപ്പിച്ചു. 
കോന്നി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബാബു വെളിയത്ത്, പ്രിന്‍സിപ്പല്‍ ജോളി ഡാനിയേല്‍ ഹെഡ്മിസ്ട്രസ് ആര്‍.അജിത അധ്യാപകരായ ആര്‍.ജയകുമാര്‍, എ.സന്തോഷ്‌കുമാര്‍, എസ്.എസ്. ഫിറോസ്ഖാന്‍, അനീസ് എ.ബാരി, വിജയലക്ഷ്മി, ജോസ് മത്തായി എന്നിവര്‍ നേതൃത്വം നല്‍കി.