മണ്ണിനെ സ്‌നേഹിക്കുന്ന കുട്ടികള്‍ക്ക് മനസ്സില്‍ തൊട്ട് അഭിനന്ദനം

Posted By : pkdadmin On 5th September 2014


 

 
പനമണ്ണ: അവരുടെ പ്രകൃതിസ്‌നേഹത്തിനുള്ള അനുമോദനമായിരുന്നു അത്. മണ്ണിനെ അറിയുന്ന കര്‍ഷകര്‍ പറഞ്ഞു 'കുട്ടികളെ, നിങ്ങള്‍ ചെയ്തത് വലിയകാര്യം തന്നെ'.
മനക്കല്‍പ്പടി പാടശേഖരത്തിലേക്ക് പൊട്ടിയ പനമണ്ണ പത്തംകുളം തോടിന്റെ വാര്‍ത്ത പുറംലോകത്തെ അറിയിച്ച പനമണ്ണ യു.പി. സ്‌കൂള്‍ സീഡ് ക്ലബ്ബ് അംഗങ്ങള്‍ക്കാണ് അഭിനന്ദനം ലഭിച്ചത്. പ്രശ്‌നബാധിതരായ, കൃഷിനാശം നേരിടുന്ന പനമണ്ണ പാടശേഖരത്തിലെയും മനക്കല്‍പ്പടി പാടശേഖരത്തിലെയും ഭാരവാഹികള് സ്‌കൂളിലെത്തി അനുമോദനമറിയിച്ചു. 
പനമണ്ണ പാടശേഖരം സെക്രട്ടറി എന്‍.കെ. മുരളീധരന്‍, മനക്കല്‍പ്പടി പാടശേഖരസമിതി സെക്രട്ടറി ഇ.പി. ശ്രീകുമാര്‍, കര്‍ഷകരായ ഇ. ഉണ്ണികൃഷ്ണന്‍നായര്‍, പി. ഹരിദാസ്, കെ. സുരേഷ്‌കുമാര്‍, എ.പി. രവീന്ദ്രന്‍, എം. മൊയ്തുപ്പ, പി. പ്രഭാകരന്‍, എം. ഉണ്ണികൃഷ്ണന്‍നായര്‍ എന്നിവരാണ് കുട്ടികളെ തേടിയെത്തിയത്.
പഞ്ചായത്തിലേക്കും കൃഷിഭവനിലേക്കും നിരവധി നിവേദനങ്ങള്‍ സമര്‍പ്പിച്ചതായും അതിനൊന്നും ഫലം കണ്ടില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. തോടിന്റെ പൊട്ടിയഭാഗവും അതിനോടനുബന്ധിച്ച തകരാറുകളും പരിഹരിക്കുന്നതിന് ഏകദേശം 10 ലക്ഷം രൂപ ചെലവ് വേണ്ടിവരും. 
സ്വന്തമായും പാട്ടത്തിനെടുത്തും ആറ് ഏക്കറോളം കൃഷി ഈ പ്രശ്‌നംമൂലം നശിച്ചതിലൂടെ രണ്ടുലക്ഷംരൂപ നഷ്ടം നേരിട്ടതായി കര്‍ഷകനായ ഇ. ഉണ്ണികൃഷ്ണന്‍ നായര്‍ അറിയിച്ചു. കഴിഞ്ഞ ആറുവര്‍ഷമായി ഈപ്രശ്‌നം തുടങ്ങിയിട്ട്. ഏകദേശം 200 ഏക്കര്‍ നെല്‍ക്കൃഷിക്ക് ഇത് നാശം വരുത്തുന്നു. 
പ്രധാനാധ്യാപിക കെ. ലത, സീഡ് കോഓര്‍ഡിനേറ്റര്‍ ആര്‍. പ്രതീഷ്, അധ്യാപകരായ വി. ശ്രീഹരി, എം.ടി. സൈനുല്‍ ആബിദീന്‍, പി. സൗമ്യ, കെ. ശ്രീവത്സന്‍, കെ.വി. കൃഷ്ണവര്‍മന്‍, സീഡ് റിപ്പോര്‍ട്ടര്‍ കെ.പി. രാഹുല്‍ എന്നിവര്‍ സംബന്ധിച്ചു.