പന്തളം: കുടുംബാംഗങ്ങളുമൊത്ത് ഓണമാഘോഷിക്കാന്‍ ഭാഗ്യമില്ലാത്തവരോടൊപ്പം പന്തളം എന്‍.എസ്.എസ്. ഇംഗ്ലീഷ് മീഡിയം യു.പി.സ്കൂളിലെ സീഡ് പ്രവര്‍ത്തകര്‍ ഓണം ആഘോഷിച്ചു. അവര്‍ക്കൊപ്പം ഓണസദ്യയുണ്ടു. വസ്ത്രവും ഓണവിഭവങ്ങളും അവര്‍ക്കായി നല്കി.
പത്തനാപുരം ഗാന്ധിഭവനിലാണ് സീഡ് പ്രവര്‍ത്തകര്‍ കാരുണ്യത്തിന്റെ വെളിച്ചവുമായി എത്തിയത്. ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ രാജന് അവര്‍ ശേഖരിച്ച വസ്ത്രങ്ങളും 300 കിലോ അരിയും കൈമാറി. ഗാന്ധിഭവനിലെ അന്തേവാസികളായ കുട്ടികള്‍ക്കൊപ്പം സ്കൂളിലെ കുട്ടികള്‍ കളിച്ചും ചിരിച്ചും അവരുടെ വിഷമതകള്‍ അല്പനേരത്തേക്കെങ്കിലും ഇല്ലാതെയാക്കി. അന്തേവാസികള്‍ക്കൊപ്പം ഓണസദ്യയും കഴിച്ചാണ് സീഡ് പ്രവര്‍ത്തകര്‍ മടങ്ങിയത്.
പ്രിന്‍സിപ്പല്‍ എസ്.ലീലാമ്മ, ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ രാജന്, സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ വി.രാജേഷ്കുമാര്‍, അധ്യാപകരായ വി.ശ്രീജിത്ത്, ബീന എസ്.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.