പാലക്കാട്: 32 പറ നെല്ലും 1468 കിലോ പച്ചക്കറിയും 1340 വാഴകളും കൃഷിചെയ്ത മിടുക്കരാണ് എടത്തനാട്ടുകര പി.കെ.എച്ച്.എം.ഒ. യു.പി. സ്‌കൂളിലെ കുട്ടികള്‍.
കാര്‍ഷികരംഗത്തെ മികച്ച നേട്ടം തന്നെയാണ് പാലക്കാട് വിദ്യാഭ്യാസജില്ലയില്‍ മാതൃഭൂമി സീഡ് പദ്ധതിയുടെ 'ഹരിതവിദ്യാലയ' പുരസ്‌കാരത്തിന്റെ മൂന്നാം സ്ഥാനത്തിന് ഇവരെ അര്‍ഹരാക്കിയത്. 5000 രൂപയും അവാര്‍ഡും സര്‍ട്ടിഫിക്കറ്റുമാണ് ഇവര്‍ക്ക് സമ്മാനമായി ലഭിക്കുക.
'ജലറേഷന്‍' സംവിധാനം സ്‌കൂളില്‍ നടപ്പാക്കിയതും ശ്രദ്ധേയമായ പ്രവര്‍ത്തനമാണ്. ജലസംരക്ഷണത്തിന്റെ ഭാഗമായി സ്‌കൂള്‍ കോമ്പൗണ്ടില്‍ പെയ്യുന്ന മഴവെള്ളം ശേഖരിക്കാന്‍ മഴക്കുഴിയുണ്ടാക്കി. 50 കുട്ടികള്‍ വീടുകളിലും മഴക്കുഴിയുണ്ടാക്കി. സ്‌കൂളില്‍ മികച്ച ഔഷധത്തോട്ടവും ഒരുക്കി. നനയ്ക്കാനായി പൈപ്പ് ലൈന്‍ സ്ഥാപിച്ചു.
ജൈവവൈവിധ്യ സംരക്ഷണത്തിലും സ്‌കൂള്‍ പിറകിലല്ല. 550 തൈകളാണ് വിദ്യാര്‍ഥികള്‍ക്കായി വിതരണം ചെയ്തത്. സ്‌കൂളും പരിസരവും പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായി സ്‌കൂളില്‍ പ്ലാസ്റ്റിക് ഉപയോഗം നിരോധിച്ചു. സീസണ്‍ വാച്ച് പദ്ധതിയിലും വിദ്യാര്‍ഥികള്‍ അതീവതാത്പര്യത്തോടെയാണ് പങ്കെടുത്തത്. പരിസരത്തെ വികലാംഗനായ ശില്പി നാണിപ്പുവിന് തൊഴില്‍സഹായമേകാനും വിദ്യാര്‍ഥികള്‍ക്ക് സാധിച്ചു. ഒരു കാല്‍ നഷ്ടപ്പെട്ട 74കാരനായ നാണിപ്പുവിന് ശില്പങ്ങളുണ്ടാക്കാനായി സ്‌കൂളിലെ കുട്ടികള്‍ 2,000 ചിരട്ടകള്‍ ശേഖരിച്ച് വീട്ടിലെത്തിച്ചുനല്‍കി. നിര്‍ധനരോഗികള്‍ക്ക് താങ്ങായി കാരുണ്യനിധിയും തുടങ്ങി. കുട്ടികള്‍ നിക്ഷേപിക്കുന്ന പണം ഓരോ മാസാവസാനവും തുറന്ന് അര്‍ഹരായ രോഗികള്‍ക്ക് എത്തിച്ചുകൊടുക്കുന്ന പദ്ധതിയാണിത്.
മുളയും ഈറയും കൊണ്ടുള്ള ഉത്പന്നങ്ങള്‍ വാങ്ങി പ്രകൃതിസൗഹൃദ സ്‌കൂളാവാനും ഇവര്‍ക്ക് സാധിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ടി.ടി. രമാദേവി, സീഡ് കോഓര്‍ഡിനേറ്റര്‍ വി. റസാഖ് എന്നിവരും അധ്യാപകരുമാണ് തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് കുട്ടികള്‍ പറഞ്ഞു.