കുടുംബകൃഷി വ്യാപനം: വിത്തും കൈക്കോട്ടും നല്‍കി ആദരിച്ചു

Posted By : ktmadmin On 30th August 2014


ഈരാറ്റുപേട്ട: മുസ്ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ വിത്തും കൈക്കോട്ടും എന്നപേരില്‍ കര്‍ഷകദിനം ആചരിച്ചു.
കുടുംബ കൃഷി വ്യാപനത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കുടുംബങ്ങളില്‍നിന്ന് തിരഞ്ഞെടുത്ത ഈരാറ്റുപേട്ട കടുവാമൂഴി മണ്ണാറകത്തില്‍ എം.കെ.ഷാഹുല്‍ ഹമീദിന്റെ മകള്‍ നിദാ ഷാഹുലിന്റെ വീട്ടിലെത്തി അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് വിത്തും കൈക്കോട്ടും നല്‍കി ആദരിച്ചു.

കപ്പ, കാച്ചില്‍, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, വാഴ, വെണ്ട, വഴുതന, നിത്യവഴുതന, പച്ചമുളക് തുടങ്ങിയവ ഈ കുടുംബം ജൈവരീതിയിലാണ് കൃഷി ചെയ്തിരുന്നത്. കുടുംബ കൃഷി വ്യാപനത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികളുടെ കുടുംബത്തിന് വിത്തും മറ്റ് കാര്‍ഷിക സഹായങ്ങളും തുടര്‍ന്ന് എത്തിക്കാനും സീഡ് ക്ലബിന് പദ്ധതിയുണ്ട്.
ഹെഡ്മിസ്ട്രസ് ആര്‍. ഗീത, എം.എഫ്. അബ്ദുല്‍ ഖാദര്‍, സീഡ് കോഓര്‍ഡിനേറ്റര്‍ മുഹമ്മദ് ലൈസല്‍, ജയന്‍ പി.ജി., ലീന എം.പി, മാഹിന്‍ സി.എച്ച് തുടങ്ങിയവര്‍ സംസാരിച്ചു.