മികവിന് അംഗീകാരമായി പി.ആര്‍.ഗിരീഷിന് അധ്യാപക അവാര്‍ഡ്‌

Posted By : ptaadmin On 30th August 2014


അടൂര്‍: പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലൂടെ സ്‌കൂളിലും നാട്ടിലും പൊതുസമൂഹത്തിലും മാതൃക കാട്ടിയ പി.ആര്‍.ഗിരീഷിനു കിട്ടിയ സംസ്ഥാന അധ്യാപക അവാര്‍ഡ് മികവിനുള്ള അംഗീകാരമായി. 2012-13 വര്‍ഷം പത്തനംതിട്ട വിദ്യാഭ്യാസജില്ലയിലെ മികച്ച മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ക്കുള്ള അവാര്‍ഡും അടൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സാമ്പത്തികശാസ്ത്ര അധ്യാപകനായ ഗിരീഷിന് ലഭിച്ചിരുന്നു. ഇതിനൊപ്പം സീഡ് പ്രവര്‍ത്തനങ്ങളില്‍ വിദ്യാഭ്യാസജില്ലയിലെ രണ്ടാംസ്ഥാനത്ത് സ്‌കൂളിനെ എത്തിക്കാനും കഴിഞ്ഞു.
സീഡ് പ്രവര്‍ത്തനത്തിലൂടെ പരിസ്ഥിതിപ്രശ്‌നങ്ങളില്‍ സജീവമായ ഇടപെടലാണ് ഗിരീഷ് നടത്തിയത്. ഒപ്പം കുട്ടികള്‍ക്കും പൊതുസമൂഹത്തിനുമുായി ഒട്ടേറെ ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എന്‍.എസ്.എസ്. ആരംഭിച്ച 2000 മുതല്‍ 8 വര്‍ഷം തുടര്‍ച്ചയായി പ്രോഗ്രാം ഓഫീസറായിരുന്നു. 2012-13ലെ ജില്ലയിലെ ഏറ്റവും മികച്ച എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ക്കുള്ള അവാര്‍ഡും നേടിയിട്ടുണ്ട്. പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കൊപ്പംതന്നെ കുട്ടികളില്‍ പ്രകൃതിയുമായി ബന്ധം ഉണ്ടാക്കാന്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളിലേക്കും ഇവരെ നയിച്ചു.
പ്രകൃതിയും കാവുകളും മനുഷ്യനും തമ്മിലുള്ള ബന്ധം കുട്ടികള്‍ക്ക് നേരിട്ട് മനസ്സിലാക്കുന്നതിന് 100 കാവുകളിലായി സര്‍വെ നടത്തി. 2009ല്‍ ക്ലാസ്സിലെ കൈയെഴുത്തുമാസികയായി തുടങ്ങിയ 'തിരുമുറ്റം' കലാലയപത്രത്തിനെ ജില്ലയിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ കിട്ടുന്ന തരത്തില്‍ മികവുറ്റതാക്കി മാറ്റി.1998 സപ്തംബര്‍ മുതല്‍ 2005 ജനവരി വരെ തട്ടയില്‍ എന്‍.എസ്.എസ്. എച്ച്.എസ്.എസ്സിലും 2005 ജനവരി മുതല്‍ നവംബര്‍ വരെ കലഞ്ഞൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറിയിലും 2005 ഡിസംബര്‍ മുതല്‍ അടൂര്‍ ഗവ. ബോയ്‌സ് എച്ച്.എസ്.എസ്സിലും പ്രവര്‍ത്തിക്കുന്നു. നിലവില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇക്കണോമിക്‌സ് അധ്യാപക അസോസിയേഷന്റെ ജില്ലാ പ്രസിഡന്റ്, കൊടുമണ്‍ ഗീതാഞ്ജലി ഗ്രന്ഥശാലാ പ്രസിഡന്റ്, നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ പി.എ.സി. മെമ്പര്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു. കൊടുമണ്‍ കോട്ടൂര്‍ പടിഞ്ഞാറ്റേതില്‍ (േരാഹിണി) പരേതനായ രാമകൃഷ്ണപിള്ളയുടെയും സരസമ്മയുടെയും മകനാണ്. ഭാര്യ ശുഭ കെ.നായര്‍ ഓമല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെമിസ്ട്രി അധ്യാപികയാണ്. മക്കള്‍: നന്ദിത, നിവേദിത.