ഒറ്റപ്പാലം: തോടിന്റെ ഭിത്തി തകര്‍ന്ന് വെള്ളമൊഴുകി കൃഷിചെയ്യാനാവാതെ ദുരിതത്തിലായ കര്‍ഷകരുടെ രോദനം അധികൃതരെ അറിയിക്കാന്‍ കുട്ടിക്കൂട്ടവും രംഗത്ത്. പനമണ്ണ മനക്കലക്കുളം പാടശേഖരത്തിലേക്ക് തോട് പൊട്ടിയൊഴുകിനശിച്ച നൂറേക്കറോളം കൃഷിസ്ഥലം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പനമണ്ണ യു.പി.സ്‌കൂളിലെ കുട്ടികള്‍ കൃഷിസ്ഥലത്തേക്ക് റാലിനടത്തി.
രണ്ടുവിള കൃഷിചെയ്തിരുന്ന മനക്കലക്കുളം പാടശേഖരത്തിലേക്ക് അഞ്ചുവര്‍ഷംമുമ്പാണ് സമീപത്തെ തോട് പൊട്ടിയൊഴുകിയത്. തോടിന്റെ കരിങ്കല്‍ സംരക്ഷണഭിത്തി തകര്‍ന്നാണ് പാടത്തേക്ക് ഒഴുകുന്നത്.
ശക്തമായ ഒഴുക്കില്‍ പ്രദേശത്തെ നൂറേക്കറോളം സ്ഥലത്ത് കൃഷിചെയ്യാനാവുന്നില്ലെന്ന് പ്രദേശത്തെ കര്‍ഷകനായ മുട്ടത്തില്‍ ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.
മാത്രമല്ല, അമ്പലവട്ടം കളത്തുംപടി മേഖലയില്‍നിന്ന് വരോട് അനങ്ങനടി പനമണ്ണ സ്‌കൂളുകളിലേക്ക് വരുന്ന കുട്ടികളുടെ കാല്‍നടയാത്രയും തോട് തകര്‍ന്നതോടെ തടസ്സപ്പെട്ടു.
ഇപ്പോള്‍ മറ്റൊരു വീട്ടിലൂടെ കയറിയിറങ്ങിവേണം സ്‌കൂളിലെത്താന്‍.
തോടിനുസമീപത്തെ കടിശ്ശേരി പാറുക്കുട്ടിയമ്മയുടെ വീട്ടിലേക്കുള്ള വഴിയും രണ്ടുതവണ തകര്‍ന്നുവീണു. സ്ലാബ്ബുള്‍പ്പെടെയുള്ള വീട്ടിലേക്കുള്ള വഴിയാണ് അടഞ്ഞത്. ഗ്രാമസഭയിലും പഞ്ചായത്തിലും നിരവധിതവണ പരാതി നല്‍കിയെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. മുഖ്യമന്ത്രിക്കും പ്രദേശത്തെ കര്‍ഷകര്‍ പരാതിനല്‍കിയെങ്കിലും മറുപടിയില്ലെന്ന് കര്‍ഷകര്‍ വേദനയോടെ പറയുന്നു.
അനങ്ങന്‍മലയില്‍നിന്നുള്ള വെള്ളവും മഴവെള്ളവും കുത്തിയൊലിച്ചെത്തുന്ന നാലാംമൈല്‍ പത്തംകുളം തോടാണിത്. കനത്തമഴയില്‍ തോടിന് ആഴംകൂടിയതാണ് സംരക്ഷണഭിത്തി തകരാന്‍ കാരണമെന്ന് പറയുന്നു. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകാതെ കര്‍ഷകര്‍ ദുരിതത്തിലായ കാഴ്ചയാണ് പനമണ്ണ യു.പി.സ്‌കൂളിലെ വിദ്യാര്‍ഥികളെ വേദനിപ്പിച്ചത്.
സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍, തകര്‍ന്ന തോടിന്റെ സമീപത്തേക്ക് പ്ലക്കാര്‍ഡുകളുമായി വിദ്യാര്‍ഥികള്‍ റാലി നടത്തി. പെണ്‍കുട്ടികളും ആണ്‍കുട്ടികളുമുള്‍പ്പെടെ നൂറോളം കുട്ടികള്‍ കര്‍ഷകര്‍ക്കൊപ്പം കൈകോര്‍ത്തു. അടുത്തദിവസംതന്നെ എം.എല്‍.എ.യ്ക്കും കൃഷി അധികൃതര്‍ക്കും പരാതിനല്‍കി പ്രശ്‌നപരിഹാരംവരെ രംഗത്തുണ്ടാകുമെന്ന് സീഡ്ക്ലബ്ബ് അംഗങ്ങള്‍ പറഞ്ഞു.
പ്രധാനാധ്യാപിക കെ. ലത, സീഡ് കോഓര്‍ഡിനേറ്റര്‍ ആര്‍. പ്രതീഷ്, അധ്യാപകരായ എം.ടി. നൂറുദ്ദീന്‍, ഇ.പി. വീരാസ്, പി. സൗമ്യ, വി. ശ്രീഹരി എന്നിവര്‍ നേതൃത്വംനല്‍കി.