പയ്യനല്ലൂര്‍ പാറമട കുടിവെള്ള സ്രോതസ്സായി സംരക്ഷിക്കണം- വി.വി.എച്ച്.എസ്.എസ്. സീഡ് ക്ലബ്‌

Posted By : Seed SPOC, Alappuzha On 24th July 2013


ചാരുംമൂട്: പാലമേല്‍ ഗ്രാമപ്പഞ്ചായത്തിലെ പയ്യനല്ലൂര്‍ പാറമടയിലെ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ള സ്രോതസ്സായി സംരക്ഷിക്കണമെന്ന് താമരക്കുളം വി.വി.എച്ച്.എസ്.എസ്സിലെ "മാതൃഭൂമി' തളിര് സീഡ് ക്ലബ് ആവശ്യപ്പെട്ടു. സീഡ് ക്ലബ് സംഘടിപ്പിച്ച "പരിസ്ഥിതിദുര്‍ബല പ്രദേശങ്ങളിലൂടെ ഒരു പഠനയാത്ര'യുടെ ഭാഗമായി പയ്യനല്ലൂര്‍ പാറമട സന്ദര്‍ശിച്ചശേഷമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.മൂന്ന് ഏക്കര്‍ വിസ്തൃതിയിലുള്ള പാറമടയില്‍ കൊടുംവേനലില്‍പ്പോലും വെള്ളം സുലഭമാണ്. എന്നാല്‍, പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്നവിധത്തില്‍ വെള്ളം മലിനമാണ്. മാലിന്യം തള്ളാനുള്ള സ്ഥലമായാണ് മാമ്മൂട്-പയ്യനല്ലൂര്‍ റോഡിന്റെ വശത്തുള്ള പാറമടയെ ആളുകള്‍ കാണുന്നത്. എല്ലാ ജില്ലകളിലും ഓരോ ജലാശയംവീതം എടുത്ത് കുടിവെള്ള സംഭരണിയായി സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായി പയ്യനല്ലൂര്‍ പാറമട സംരക്ഷിക്കണമെന്നാണ് സീഡ് ക്ലബ്ബിന്റെ ആവശ്യം.ഇതിന്റെ ഭാഗമായി സീഡ് ക്ലബ് കോ ഓര്‍ഡിനേറ്റര്‍ എല്‍.സുഗതന്റെ നേതൃത്വത്തില്‍ പാലമേല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിജുവിന് നിവേദനം നല്‍കി.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും റവന്യു മന്ത്രി അടൂര്‍ പ്രകാശിനും ആര്‍.രാജേഷ് എം.എല്‍.എ.യ്ക്കും സീഡ് പ്രവര്‍ത്തകര്‍ നിവേദനം നല്‍കി. ഹെഡ്മിസ്ട്രസ്സ് എസ്. ശ്രീദേവിയമ്മ, പ്രിന്‍സിപ്പല്‍ ജിജി എച്ച്.നായര്‍, ഡെപ്യൂട്ടി എച്ച്.എം. പി. ശിധരന്‍ നായര്‍, സ്റ്റാഫ് സെക്രട്ടറി എ.എന്‍.ശിവപ്രസാദ്, പി.ടി.എ. പ്രസിഡന്റ് എസ്.മധുകുമാര്‍, അധ്യാപകരായ എം.മാലിനി, റാഫി രാമനാഥ്, സജി കെ.വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. പഠനയാത്രയുടെ ഭാഗമായി വി.വി.എച്ച്.എസ്.എസ്സിലെ സീഡ് ക്ലബ് പ്രവര്‍ത്തകര്‍ കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ശുദ്ധജലതടാകം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. 2013 ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയാണ് സീഡ് ക്ലബ് പഠനയാത്രകള്‍ നടത്തുന്നത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകളും പരിസ്ഥിതി പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ദേശങ്ങളും മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.