മാതൃഭൂമി സീഡ് കാര്‍ഷിക പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

Posted By : admin On 21st August 2014


തിരുവനന്തപുരം: നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ തിരഞ്ഞെടുത്ത കൃഷിഭവനുകളില്‍ സംഭരണശാലകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പഴം, പച്ചക്കറി എന്നിവയ്ക്ക് സംഭരണം, സംസ്‌കരണം, വിപണി എന്നിവ കണ്ടെത്തുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനവരി മുതല്‍ മറ്റ് കൃഷിഭവനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമി സീഡും സംസ്ഥാന കൃഷി വകുപ്പും സംയുക്തമായി ഏര്‍പ്പെടുത്തിയ കാര്‍ഷിക മികവിനുള്ള അഗ്രി.എക്‌സലന്‍സ് പുരസ്‌കാരം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതിയെ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല പ്രവര്‍ത്തനമാണ് മാതൃഭൂമി സീഡ് കാഴ്ചവെയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ ജൈവകാര്‍ഷിക സംസ്ഥാനമാക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും സീഡിന്റെ പ്രവര്‍ത്തനം സഹായിക്കുന്നുണ്ട്. പഴയകാലത്തെ കാര്‍ഷിക സംസ്‌കാര പാരമ്പര്യം വളരെ വലുതാണ്. ഇന്ന് പശുവിനെ വളര്‍ത്തി ചാണകം മണക്കുന്നതിലും അഭിമാനമായി കാണുന്നത് ഒന്നരലക്ഷം രൂപ വിലയുള്ള പട്ടിയെ വളര്‍ത്തുന്നതാണെന്നും മന്ത്രി പറഞ്ഞു.

തുടര്‍ന്ന് കാര്‍ഷിക മികവിന് സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം നേടിയ കണ്ണൂര്‍ പെരിങ്ങത്തൂര്‍ എന്‍.എ.എം.എച്ച്.എസ്.എസ് പുരസ്‌കാരം ഏറ്റുവാങ്ങി. അമ്പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. രണ്ടാംസ്ഥാനം തിരുവനന്തപുരം ഇടവിളാകം ഗവണ്‍മെന്റ് യു.പി.എസും ഏറ്റുവാങ്ങി. മുപ്പതിനായിരം രൂപയും ഫലകവുമാണ് രണ്ടാം സ്ഥാനക്കാര്‍ക്ക് ലഭിക്കുന്നത്. കൂടാതെ വിജയികളായ സ്‌കൂളുകള്‍ക്ക് കാര്‍ഷിക രംഗത്തെ നൂതന പദ്ധതികളും പരീക്ഷണങ്ങളും മനസിലാക്കുന്നതിനുള്ള സൗജന്യ പഠനയാത്രയും മന്ത്രി വാഗ്ദാനം ചെയ്തു.

ഒന്നാം സ്ഥാനം നേടിയ സ്‌കൂളിന് മഹാരാഷ്ട്ര, ഹൈദരാബാദ്, കര്‍ണാടക, കേരളം എന്നിവിടങ്ങളിലും രണ്ടാംസ്ഥാനക്കാര്‍ക്ക് കര്‍ണാടക, കേരളം എന്നിവിടങ്ങളിലും പഠനയാത്ര നടത്തുന്നതിനുള്ള അവസരമാണ് ലഭിക്കുന്നത്.

മാതൃഭൂമി തിരുവനന്തപുരം യൂണിറ്റ് ഡെപ്യൂട്ടി എഡിറ്റര്‍ വെച്ചൂച്ചിറ മധു അദ്ധ്യക്ഷനായിരുന്നു. ബ്യൂറോ ചീഫ് ജി. ശേഖരന്‍ നായര്‍, കൃഷി വകുപ്പ് ഡയറക്ടര്‍ ആര്‍. അജിത്കുമാര്‍, ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ ഷിബുതോമസ്, മാതൃഭൂമി റീജണല്‍ മാനേജര്‍ പി.ആര്‍. വിപിന്‍ദാസ് എന്നിവര്‍ സംസാരിച്ചു.