പരിസ്ഥിതിസ്‌നേഹം മാറ്റിമറിച്ചത് ഹസ്സന്റെ ജീവിതം

Posted By : pkdadmin On 24th July 2013


പാലക്കാട്: പരിസ്ഥിതിസ്‌നേഹം വിദ്യാര്‍ഥിയുടെ ജീവിതം മാറ്റിമറിച്ച കഥയാണ് ഹസ്സന്റേത്. ബമ്മണൂര്‍ ജി.യു.പി.സ്കൂളില്‍ ഇപ്പോള്‍ എവിടെയും ഹസ്സന്റെ സാന്നിധ്യമുണ്ട്. പഠനവൈകല്യമുള്ള കുട്ടിയായ എന്‍.എസ്. ഹസ്സന് സീഡ്പ്രവര്‍ത്തനത്തിലൂടെ വന്ന മാറ്റത്തിന് വേറെ തെളിവൊന്നും തേടേണ്ടതില്ല. ക്ലാസില്‍ പൂര്‍ണമായി ശ്രദ്ധയോടെയിരിക്കാന്‍ ആദ്യമൊന്നും ഹസ്സന് കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് സ്കൂളില്‍ പച്ചക്കറി ക്കൃഷി ആരംഭിക്കുന്നത്. കഴിഞ്ഞവര്‍ഷം ഏഴാംതരം വിദ്യാര്‍ഥിയായ ഹസ്സന്‍ ഇതിന്റെ മേല്‍നോട്ടം സ്വയം ഏറ്റെടുത്തു. അവധിദിവസങ്ങളിലും ഈ മിടുക്കന്‍ സ്കൂളിലെത്തി ചെടി നനയ്ക്കുകയും വളമിടുകയും ചെയ്തു. അങ്ങനെ 160 ചാക്കുകളില്‍ നിറയെ പച്ചക്കറികളാണ് കഴിഞ്ഞതവണ വിളവെടുത്തത്. പയര്‍, പാവയ്ക്ക, മത്തന്‍, കുമ്പളം എന്നിവയെല്ലാം വീട്ടിലും ഹസ്സന്‍ വിളയിച്ചു. പുലര്‍ച്ചെ നാലിന് എഴുന്നേറ്റ് പച്ചക്കറിത്തോട്ടത്തില്‍ ഹസ്സനുണ്ടാകും. സീഡ് പ്രവര്‍ത്തനത്തില്‍ മുഴുകിയതോടെ പഠനപ്രവര്‍ത്തനത്തിലും ഹസ്സന്‍ കൂടുതല്‍ ശ്രദ്ധാലുവായെന്ന് അധ്യാപകര്‍ പറയുന്നു. നീലിപറമ്പില്‍ സിദ്ദിഖിന്റെയും സെല്‍മയുടെയും മകനായ ഹസ്സനാണ് സീഡ് പ്രവര്‍ത്തനത്തില്‍ മികവുപുലര്‍ത്തിയ വിദ്യാര്‍ഥിക്കുള്ള ഇത്തവണത്തെ ജെം ഓഫ് സീഡ് പുരസ്കാരം.