പാലക്കാട്:വിഷരഹിതഗ്രാമത്തിനായി സീഡ് ക്ലബ്ബ്

Posted By : pkdadmin On 19th August 2014


ഒറ്റപ്പാലം: 'വിഷരഹിതഗ്രാമം, ആരോഗ്യമുള്ള ജനത' പദ്ധതിയുമായി അമ്പലപ്പാറ ചെറുമുണ്ടശ്ശേരിയിലെ സീഡ് ക്ലബ്ബ്. അന്യസംസ്ഥാനത്തുനിന്നുള്ള കോഴികളിൽ ആന്റിബയോട്ടിക്കുകൾ കുത്തിവെക്കുന്നതായുള്ള വാർത്തകളെത്തുടർന്നാണ് ബോധവത്കരണപരിപാടികളുമായി സീഡ് ക്ലബ്ബ് രംഗത്തിറങ്ങിയത്.
കുട്ടികൾക്ക് 'ഗ്രാമപ്രിയ' കോഴികൾ നൽകിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. സംയോജിതകൃഷി ഗ്രാമത്തിൽ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. കീടനാശിനി തളിച്ച പച്ചക്കറികളും രാസവസ്തുക്കൾ നൽകി വളർത്തിയ ഇറച്ചിക്കോഴികളും ആരോഗ്യത്തിന് ഹാനികരം എന്ന പ്രചാരണവുമായാണ് പരിപാടി.
 കർഷകദിനാചരണത്തിന്റെ ഭാഗമായി, മികച്ച കർഷകയായ കെ. ശാന്തയെ ഗലീലിയോ ശാസ്ത്രക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ആദരിച്ചു. സീഡ് കോഓർഡിനേറ്റർ എൻ. അച്യുതാനന്ദൻ, ടി. പ്രകാശ്, കെ. ശ്രീകുമാരി, കെ. മഞ്ജു, ബി. അനശ്വര, കെ. രാഹുൽ എന്നിവർ നേതൃത്വം നൽകി.