പന്തളം: സമീപ പ്രദേശങ്ങളും ടൗണുകളും വികസന കാര്യങ്ങളില്‍ മുന്നോട്ടുകുതിക്കുമ്പോള്‍ നാട്ടുരാജ്യമായിരുന്ന പന്തളം പിന്നോട്ടോടുകയാണ്. ഉണ്ടായിരുന്ന അലങ്കാരങ്ങള്‍ പന്തളത്തിന് ഒന്നൊന്നായി നഷ്ടമായിക്കൊണ്ടുമിരിക്കുന്നു. പന്തളം നിയമസഭാ നിയോജകമണ്ഡലം, പന്തളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ജലസേചന പദ്ധതി ഓഫീസ്, നഗരസഭ, എന്‍.സി.സി. ഓഫീസ് തുടങ്ങിവയൊക്കെ പന്തളത്തുനിന്ന് നഷ്ടമായവയാണ്.
കെ.എസ്.ടി.പി.യുടെ എം.സി. റോഡ് വികസനപദ്ധതി വന്നപ്പോള്‍ പന്തളവും സമീപ ടൗണുകള്‍ക്കൊപ്പം മുന്നേറുമെന്നായിരുന്നു മറ്റൊരു പ്രതീക്ഷ. കെ.എസ്.ടി.പി.യുടെ പദ്ധതിയനുസരിച്ചുള്ള കവലവികസനം, റോഡിന്റെ വീതികൂട്ടല്‍, ബസ്‌ബേ, കാത്തിരുപ്പുകേന്ദ്രങ്ങള്‍ എന്നിവയെല്ലാം തകിടംമറിഞ്ഞു. റോഡിനിരുവശവും പണിതുവന്ന ഓട പന്തളം കവലയിലെത്തുന്നതിനു മുമ്പുതന്നെ നിന്നു. കവലയ്ക്ക് പണ്ടുണ്ടായിരുന്ന സൗകര്യത്തിലൊതുങ്ങി.
ഗതാഗതക്കുരുക്കാണ് പന്തളം ഇന്ന് നേരിടുന്ന പ്രധാനപ്രശ്‌നം. വീതികൂട്ടാത്ത ചെറിയ പാലത്തിലൂടെ കാല്‍നടയാത്രതന്നെ അപകടകരമാണ്. ജനങ്ങള്‍ പാലംവീതികൂട്ടാനായി നടത്തുന്ന സമരം അധികാരികള്‍ കണ്ടില്ലെന്നു നടിക്കുന്നു. തിരുവനന്തപുരത്തുനിന്ന് തുടങ്ങിയ സേഫ് സോണ്‍ പദ്ധതിയായിരുന്നു ജനങ്ങളുടെ അടുത്ത പ്രതീക്ഷ. അതും അടൂര്‍ വരെയെത്തി നിന്നതോടെ പ്രതീക്ഷയുടെയും ചിറകൊടിഞ്ഞു.
ശബരിമല തീര്‍ഥാടനത്തിലെ പ്രധാന ഇടത്താവളവും മൂലസ്ഥാനവുമായ പന്തളത്തെത്തുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകരും ഇവിടത്തെ വികസനത്തിന്റെ പോരായ്മയില്‍ വീര്‍പ്പുമുട്ടുന്നവരാണ്. ഗവണ്‍മെന്റിന്റെ പരിഗണനയിലുള്ള തീര്‍ത്ഥാടന ടൗണ്‍ഷിപ്പ്, നഗരസഭ എന്നിവയാണ് ഇനിയുള്ള പ്രതീക്ഷ. ഇതിനായി ജനങ്ങള്‍ കാത്തിരിക്കുകയാണ്.
ജി. കീര്‍ത്തന വര്‍മ്മ
സീഡ് റിപ്പോര്‍ട്ടര്‍, 6 എ
എന്‍.എസ്.എസ്. ഇംഗ്ലീഷ്
മീഡിയം യു.പി.എസ്., പന്തളം