വാഴപ്പെരുമയില്‍ എ.വി. സ്മാരക സ്‌കൂള്‍

Posted By : knradmin On 14th August 2014


 

 
കരിവെള്ളൂര്‍: വിദ്യാര്‍ഥികള്‍ വാഴക്കര്‍ഷകരായപ്പോള്‍ കാര്‍ഷിക വിജ്ഞാനത്തോടൊപ്പം പിറന്നത് സാമൂഹികസേവനത്തിന്റെ പുതിയൊരു മാതൃക.
കരിവെള്ളൂര്‍ എ.വി. സ്മാരക ഗവ. ഹയര്‍ സെക്കന്ഡറി സ്‌കൂള്‍ സീഡ് അംഗങ്ങളാണ് വാഴക്കൃഷിനടത്തി സഹപാടിക്ക് വീട് നിര്‍മിച്ചുനല്‍കാനൊരുങ്ങുന്നത്. കഴിഞ്ഞവര്‍ഷം നവംബറിലാണ് സ്‌കൂളില്‍ 'കന്നും ഒന്നും രണ്ട്' എന്ന പേരില്‍ വാഴക്കൃഷി തുടങ്ങിയത്.
  സ്‌കൂളിലെ 1200 വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പി.ടി.എ. കമ്മിറ്റി അംഗങ്ങള്‍ക്കും രണ്ട് വാഴക്കന്നുകള്‍വീതം നല്‍കി. സ്വന്തം വീട്ടുവളപ്പില്‍ രണ്ടുകന്നുകളും കൃഷിചെയ്ത് പരിപാലിക്കാനായിരുന്നു നിര്‍ദേശം. വാഴകളുടെ വളര്‍ച്ച നിരീക്ഷിക്കാനും നിര്‍ദേശം നല്‍കാനും കര്ഷകപ്രമുഖരും അധ്യാപകരും ഉള്‌പ്പെടുന്ന സംഘത്തെയും ചുമതലപ്പെടുത്തി.
 ജൈവവളംമാത്രമുപയോഗിച്ച് കൃഷിചെയ്ത് വാഴക്കുലകള്‍ വിളവെടുക്കുമ്പോള്‍ ഒരുകുല സ്‌കൂളിന് നല്‍കാനായിരുന്നു നിര്‍ദേശം. വിളവെടുക്കാന്‍ തുടങ്ങിയതോടെ സ്‌കൂളിലേക്ക് കുലകള്‍ എത്തിത്തുടങ്ങി.
 വിളവെടുപ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഇ.പി.കരുണാകരന്‍ നിര്‍വഹിച്ചു. മൂപ്പെത്തിയ എട്ട് വാഴക്കുലകള്‍ അധ്യാപകര്‍ കുട്ടികളുടെ വീടുകളില്‍ പോയി ശേഖരിച്ചു. വാഴപ്പെരുമയിലൂടെ  ലഭിക്കുന്ന വരുമാനം സ്‌കൂളിലെ പാവപ്പെട്ട ഒരു വിദ്യാര്‍ഥിക്ക് വീടുെവച്ച് കൊടുക്കാനാണ് ഉപയോഗിക്കുകയെന്ന് പി.ടി.എ. പ്രസിഡന്റ് കെ.വി.ദാമോദരന്‍, പ്രഥമാധ്യപകന്‍ ടി.കെ.വേണുഗോപാലന്‍ എന്നിവര്‍ പറഞ്ഞു.
 വിളവെടുപ്പുത്സവത്തിന് കെ.വി.ശശീന്ദ്രന്‍, വി.ചന്ദ്രന്‍, പി.ചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ടി.കെ.വേണുഗാപാലന്‍ സ്വാഗതവും ഇ.വി.എം. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.