ഒറ്റപ്പാലം: സഹപാഠികളുടെ വീട്ടിൽ വെളിച്ചം തെളിയിക്കുകയാണ് ഈ കുട്ടികളുടെ നന്മ. മനിശ്ശീരി എ.യു.പി. സ്‌കൂളിലെ 11 വിദ്യാർഥികളുടെ വീട് പ്രകാശത്തിൽ നിറഞ്ഞുനിൽക്കുമ്പോൾ ഒരു നാടും സന്തോഷിക്കുകയാണ്. വാണിയംകുളം കെ.എസ്.ഇ.ബി. സെക്ഷനിലെ ജീവനക്കാരുടെ സഹകരണത്തോടെയാണ് മാതൃഭൂമി സീഡ് ക്ലബ്ബംഗങ്ങൾ വീടുകളിൽ വൈദ്യുതിയെത്തിച്ചത്.
വീടുകളുടെ വൈദ്യുതീകരണവും കണക്ഷനുള്ള ചെലവുമെല്ലാം ഒത്തൊരുമിച്ച് വഹിക്കുകയായിരുന്നു.
വൈദ്യുതോപഭോഗം കുറയ്ക്കാനുള്ള 'ലാഭപ്രഭ' പദ്ധതിയെപ്പറ്റി കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ സ്‌കൂളിൽ ക്ലാസെടുക്കാൻ എത്തിയിരുന്നു. അപ്പോഴാണ് കുട്ടികളുടെ വീടുകളില് വൈദ്യുതിയില്ലെന്ന് വ്യക്തമായത്. ഉടനെ സീഡ് ക്ലബ്ബ് ഇതിനുള്ള വഴി കണ്ടെത്തുകയായിരുന്നു. കെ.എസ്.ഇ.ബി. അസി. എൻജിനിയർ എം.വി. റെജി എല്ലാ സഹായവും നൽകി മുന്നിൽ നിന്നു. അധ്യാപകരും നാട്ടുകാരും ചേർന്നപ്പോൾ എല്ലാം ഭംഗിയായി നടന്നു.
പദ്ധതിയുടെ പൂർത്തീകരണം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.പി. മുരളീധരൻ അധ്യക്ഷനായി. പ്രധാനാധ്യാപകൻ സി. വിനോദ്കുമാരൻ, കെ.എസ്.ഇ.ബി. അസി. എൻജിനിയർ എം.വി. റെജി, എൻ. രവീന്ദ്രൻ, സുഭാഷ്, കെ. സജീവ്, സെന്തിൽ, ജോജി, പി. ലതിക, സീഡ് കോഓർഡിനേറ്റർ കെ.എം. രവികുമാർ എന്നിവർ പ്രസംഗിച്ചു.