വാടാനപ്പള്ളി: ഒരുനുള്ളു ഭക്ഷണം പോലും ആവശ്യത്തിലധികം കഴിക്കില്ലെന്നും ഒരുതരി ഭക്ഷണം പോലും പാഴാക്കില്ലെന്നും പ്രതിജ്ഞയെടുക്കുമ്പോള്‍ തൃത്തല്ലൂര്‍ യു.പി. സ്‌കൂളിലെ കുട്ടികളുടെ മനസ്സില്‍ ഓരോ ദിവസവും വിശന്നു മരിക്കുന്ന കുട്ടികളെക്കുറിച്ചുള്ള ആധിയായിരുന്നു. ലോകത്ത്, ഒരുദിവസം 20,000 കുട്ടികള്‍ വിശന്നു മരിക്കുന്നുവെന്ന അറിവോടെയാണിവര്‍ പ്രതിജ്ഞ ചൊല്ലിയത്. സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്. ദീപനാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
പിന്നീടവര്‍ ഞാറ്റടിയിലേക്കിറങ്ങി. സ്‌കൂള്‍ തുറന്ന ദിവസം വിതച്ച നെല്ല് ഞാറായി മാറിയത് അവര്‍ ശ്രദ്ധയോടെ പറിച്ചെടുത്തു. അധ്യാപികമാരും കുട്ടികള്‍ക്കൊപ്പമുണ്ടായി. പറിച്ചെടുത്ത ഞാറ് സ്‌കൂള്‍ അങ്കണത്തില്‍ തയ്യാറാക്കിയ വയലില്‍ അവര്‍ നട്ടു. നടീല്‍ ഉത്സവമായിരുന്നുവെങ്കിലും ഒരുകുട്ടിയുടെ വിശപ്പകറ്റാനുള്ള ധാന്യമെങ്കിലും ലഭിക്കണമെന്ന പ്രാര്‍ത്ഥനയോടെയാണ് കുരുന്നുകള്‍ ഓരോ ഞാറും നട്ടത്.
തൃത്തല്ലൂര്‍ യു.പി. സ്‌കൂളിലെ സീഡംഗങ്ങള്‍ നടത്തുന്ന നെല്‍കൃഷിയുടെ രണ്ടാംഘട്ടമായിരുന്നു ഞാറ് പറിക്കലും നടീല്‍ ഉത്സവവും.
മണലൂര്‍ത്താഴം കോള്‍പ്പടവിലെ കര്‍ഷകത്തൊഴിലാളി പത്മിനിയും ബ്രാരത്ത് കാര്‍ത്ത്യായനിയും ഞാറു പറിക്കേണ്ടതെങ്ങിനെയെന്ന് കുട്ടികളെ പഠിപ്പിച്ചു.
നടീല്‍ ഉത്സവത്തിന് ഞാറ്റുപാട്ട് അകമ്പടിയായി. വാടാനപ്പള്ളി കൃഷി ഓഫീസര്‍ എം. മുര്‍ഷിദ് ഞാറു നട്ട് നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സി.പി. ഷീജ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ആര്‍.ഇ.എ. നാസര്‍ മുഖ്യാതിഥിയായി. ജ്യോതി വിത്താണ് ജൈവവളം മാത്രമുപയോഗിച്ച് കൃഷി ചെയ്യുന്നത്. രാസവള പ്രയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ കൂടിയാണിത്.