കാടുമണ്‍: മനുഷ്യരാശിയുടെ സര്‍വ്വനാശത്തിന് വഴിവെക്കുന്ന യുദ്ധം ഇനി വേണ്ടെന്ന സന്ദേശവുമായി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഹിരോഷിമ ദിനം ആചരിച്ചു.
അങ്ങാടിക്കല്‍ തെക്ക് അറന്തക്കുളങ്ങര ഗവ. എല്‍.പി.സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മാതൃസമിതിയും അധ്യാപകരും ചേര്‍ന്ന് യുദ്ധവിരുദ്ധ പരിപാടികള്‍ നടത്തിയത്.
ഒന്നാം ലോകമഹായുദ്ധത്തിന്റെ നൂറാം വാര്‍ഷികം, ഗാസയില്‍ ഇസ്രായേലിന്റെ ബോംബ്വര്‍ഷം, ഹിരോഷിമ ദിനം എന്നിവയുടെ പശ്ചാത്തലത്തിലാണ് യുദ്ധവിരുദ്ധസന്ദേശ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടത്.
കുട്ടികള്‍ യുദ്ധവിരുദ്ധ റാലി നടത്തി.
യുദ്ധത്തിന്റെ സാമൂഹ്യശാസ്ത്രം എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. കെ.സി.കൃഷ്ണന്‍കുട്ടി സെമിനാര്‍ നയിച്ചു.
യുദ്ധവിരുദ്ധ സമ്മേളനത്തില്‍ കുട്ടികളും അമ്മമാരും ശേഖരിച്ച യുദ്ധവിരുദ്ധ കൈയ്യൊപ്പുകള്‍ ജില്ലാ പഞ്ചായത്തംഗം മാതൃസമിതി പ്രസിഡന്റ് ഇന്ദുവില്‍ നിന്ന് പി.വിജയമ്മ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്തംഗം പി.കെ.പ്രഭാകരന്‍ യുദ്ധവിരുദ്ധ സന്ദേശം നല്‍കി. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ജി.ഗ്രിന്റു, കെ.കെ.അശോക്കുമാര്‍, ഹെഡ്മാസ്റ്റര്‍ രാജന്‍ ഡി.ബോസ്, എസ്.എം.സി.ചെയര്‍മാന്‍ സുനില്‍ എസ്., ശോഭന, നീരജ, നവമി എന്നിവര്‍ പ്രസംഗിച്ചു.
രണ്ടാഴ്ചയായി സ്‌കൂളിലെ കുട്ടികള്‍ ഗാസയില്‍ നിന്നുള്ള യുദ്ധവാര്‍ത്തകളും ചിത്രങ്ങളും പഠനവിധേയമാക്കിയിരുന്നു. ഓരോ ദിവസവും യുദ്ധവാര്‍ത്തകള്‍ വിശകലനത്തിനും ചര്‍ച്ചകള്‍ക്കും പ്രത്യേകം സമയം കണ്ടെത്തിയിരുന്നു.
യുദ്ധത്തിനെതിരെ ശബ്ദമുയര്‍ത്തുക എന്ന ആഹ്വാനം ആലേഖനം ചെയ്ത, 10000 കൈയ്യൊപ്പുകളുടെ ശേഖരവും കുട്ടികള്‍ തയ്യാറാക്കിയ കത്തും ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ സെക്രട്ടറിക്ക് അയച്ചുകൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.