ചത്തിയറ: വള്ളികുന്നം ലക്ഷംമുക്ക് കേന്ദ്രീകരിച്ച് നാല് മൊബൈല് കമ്പനികള് ടവറുകള് സ്ഥാപിക്കുവാന് നടത്തുന്ന നീക്കം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ചത്തിയറ വൊക്കേഷണല് ഹയര് സെക്കന്ഡറി സ്‌കൂളിലെ 'മാതൃഭൂമി' സഞ്ജീവനി സീഡ് ക്ലബ്ബ് അംഗങ്ങള് വള്ളികുന്നം ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്കി.
അഞ്ചാം ക്ലാസ് മുതല് വി.എച്ച്.എസ്.ഇ., എച്ച്.എസ്.എസ്. വരെയുള്ള 1500 ഓളം കുട്ടികള് സ്‌കൂളില് പഠിക്കുന്നു. ചത്തിയറ ഗവ. എല്.പി.എസ്. കടുവിനാല് വെല്‌ഫെയര് എല്.പി.എസ്., അങ്കണവാടികള് തുടങ്ങി എട്ടോളം വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളനികളും കൂടി ഉള്‌പ്പെടുന്നതാണ് പ്രദേശം. രണ്ടു ക്ഷേത്രങ്ങളും രണ്ട് പള്ളികളും ജന നിബിഡമായ ഇവിടെയുണ്ട്.
ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതോടൊപ്പം പ്രകൃതിയുടെ ആവാസ വ്യവസ്ഥയേയും മൊബൈല് ടവറില്‌നിന്നുള്ള റേഡിയേഷന് ദുരിതപൂര്ണമാക്കുമെന്നും ധാരാളം കാവുകളും കുളങ്ങളും ഈ ഭാഗത്ത് ഉണ്ടെന്നും സീഡ് കോഓര്ഡിനേറ്റര് ബീഗം കെ. രഹ്ന നല്കിയ നിവേദനത്തില് പറയുന്നു.