പ്രകൃതിസംരക്ഷണ മാര്ഗത്തിലൂടെ എം.ഡി.യു.പി.സ്‌കൂള്‍ പുരസ്‌കാര നിറവില്

Posted By : Seed SPOC, Alappuzha On 6th August 2014


 പൂച്ചാക്കല്: പ്രകൃതിസംരക്ഷണം കുട്ടികളുടെ മനസ്സിലുറപ്പിച്ച് തൈക്കാട്ടുശ്ശേരി നടുഭാഗം എം.ഡി.യു.പി.സ്‌കൂള് പുരസ്‌കാര നിറവില്. ക്ലാസ്സ് മുറികളില്‌നിന്നുള്ള അറിവുകള്‌ക്കൊപ്പം കുട്ടികള് പ്രകൃതിസംരക്ഷണത്തിന്റെ പാഠങ്ങള് മണ്ണില്‌നിന്ന് നേരിട്ട് മനസ്സിലാക്കിയെന്നതാണ് നേട്ടമായത്. പ്രകൃതിസ്‌നേഹത്തിന്റെ എല്ലാ നന്മകള്ക്കും ചുക്കാന്പിടിച്ചത് സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബായിരുന്നു. സീഡ് ക്ലബ്ബിന്റെ കുടക്കീഴിലെ തണല് സ്‌കൂളിനാകെ ആശ്വാസമായപ്പോള് സ്‌കൂളിനെത്തേടി ചേര്ത്തല വിദ്യാഭ്യാസ ജില്ലാതലത്തിലെ സീഡ് പ്രവര്ത്തനങ്ങളില് മൂന്നാംസ്ഥാനമെന്ന ബഹുമതിയും എത്തി. മുന്വര്ഷങ്ങളില് നടുഭാഗം എം.ഡി.യു.പി.സ്‌കൂള് ഒന്നും രണ്ടും സ്ഥാനങ്ങള് നേടിയിട്ടുണ്ട്. മുഴുവന് പ്രവര്ത്തനങ്ങളിലും സ്‌കൂളിലെ അധ്യാപകര് കുട്ടികള്‌ക്കൊപ്പമുണ്ട്. 

സിലിക്കാമണല് ഖനനം കുളംതോണ്ടിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങളില് സംഭവിക്കുന്ന പരിസ്ഥിതിയുടെ ആഘാതവും പ്രകൃതിസന്തുലിതാവസ്ഥയുടെ താളംതെറ്റലും ഉള്‌ക്കൊള്ളിച്ച് തയ്യാറാക്കിയ വീഡിയോ ഡോക്യുമെന്ററി ശ്രദ്ധേയമായിരുന്നു. നാടിന്റെ ദുരിതം അധികൃതരുടെ കണ്ണുതുറപ്പിക്കാന് ഉതകി. സ്‌കൂളിന്റെ വകയായ തരിശുപാടത്ത് നെല്ക്കൃഷി ചെയ്ത് നാട്ടിലാകെ കൃഷിയുടെ പുത്തന് ഉണര്വ്വിന്റെ സന്ദേശമെത്തിച്ചു. വിളകൊയ്യാന് അധ്യാപികമാരും കുട്ടികളും തൊഴിലാളികള്‌ക്കൊപ്പം ഉത്സാഹത്തോടെ പാടത്തിറങ്ങി. കൊയ്ത്തുപാട്ടും ഇവിടെ മുഴങ്ങി. മൂപ്പ് കുറഞ്ഞ വിത്തിനമാണ് പാടത്ത് കൃഷിചെയ്തത്.  കുട്ടികളുടെ സ്വഭാവരൂപവത്കരണം ഉള്‌പ്പെടെയുള്ള പ്രധാന വിഷയങ്ങളില് ബോധവത്കരണ ക്ലാസ്സുകള് നടത്തി. ഭോപ്പാല് ദുരന്തദിനം, വായനദിനം, പരിസ്ഥിതി ദിനം തുടങ്ങിയ ദിനാചരണങ്ങളും നടത്തി. സ്‌കൂളിലെ മുഴുവന് അധ്യാപകരും നേത്രദാന സമ്മതപത്രങ്ങള് നല്കിയത് കുട്ടികള്ക്കാകെ മാതൃകയായി. സ്‌കൂള് മാനേജര് കെ.ആര്.  അപ്പുക്കുട്ടന് നായര്, പ്രഥമാധ്യാപിക പി.കെ. പ്രഭ, സീഡ് കോ ഓര്ഡിനേറ്റര് സുജാത എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്ത്തനങ്ങളാണ് മുന്നേറ്റത്തിന് വഴിയൊരുക്കിയത്.