പരിസ്ഥിതിക്കൊപ്പം സമൂഹത്തിലും ഇടപെടല്‍; കടക്കരപ്പള്ളി ജി.യു.പി.ജി. എസ്സിന് അംഗീകാരത്തിളക്കം

Posted By : Seed SPOC, Alappuzha On 6th August 2014


 ചേര്‍ത്തല: പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കൊപ്പം സമൂഹത്തിലെ നീറുന്ന പ്രശ്‌നങ്ങളിലേക്കും ഇടപെടലുകള്‍ നടത്തിയ കടക്കരപ്പള്ളി ജി.യു.പി.ജി. എസ്സിന് അംഗീകാരത്തിളക്കം. മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങളില്‍ ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയില്‍ സ്‌കൂള്‍ രണ്ടാം സ്ഥാനത്തെത്തി. ഒപ്പം വിദ്യാഭ്യാസ ജില്ലയിലെ മികച്ച ടീച്ചര്‍ കോ ഓര്‍ഡിനേറ്ററായി സ്‌കൂളിലെ സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.ടി. മോളിയും തിരഞെടുക്കപ്പെട്ടു. സ്‌കൂളില്‍ വൃക്ഷത്തൈകള്‍ വച്ചും നക്ഷത്ര കാവൊരുക്കിയും പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പടിപടിയായി സ്‌കൂളില്‍ ശലഭോദ്യാനവും ഔഷധസസ്യത്തോട്ടവും പുഷ്‌പോദ്യാനവും സ്‌കൂള്‍മുറ്റത്തൊരുങ്ങി. ഇപ്പോള്‍ സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് പോഷകസമൃദ്ധമായ ജൈവ പച്ചക്കറി വിളയുന്ന പച്ചക്കറിത്തോട്ടവും സ്‌കൂളില്‍ തയ്യാറായിട്ടുണ്ട്. 200ഓളം വാഴക്കുലകളും പദ്ധതി വഴി വിളഞ്ഞിട്ടുണ്ട്.

പ്ലാസ്റ്റിക്കിനെതിരായ പോരാട്ടത്തിന് പുറമെയായിരുന്ന പച്ചക്കറി വിപ്ലവം ഊര്‍ജസംരക്ഷണ, ജലസംരക്ഷണ, ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങളിലും ക്ലബ്ബംഗങ്ങള്‍ സജീവ സാന്നിധ്യമായിരുന്നു. മദ്യമയക്കുമരുന്നുവിരുദ്ധ ബോധവത്കരണത്തിനായി വീടുകള്‍തോറും ലഘുലേഖകള്‍ വിതരണം ചെയ്തു. പട്ടണക്കാട്, കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്തുകളുടെ അതിര്‍ത്തിയായ പുത്തന്‍തോടിന്റെ സംരക്ഷണത്തിനായി റാലി നടത്തി നാടിനെ ഉണര്‍ത്തി. ചേര്‍ത്തല റെയില്‍വെ സ്റ്റേഷനു സമീപത്തെ മാലിന്യ നിക്ഷേപത്തിനെതിരെ ബോര്‍ഡ് സ്ഥാപിച്ച് മുന്നറിയിപ്പുനല്കിയ ക്ലബ്ബംഗങ്ങള്‍ ശക്തമായ മുന്നറിയിപ്പാണ് നല്കിയത്. ഹര്‍ത്താലിനെതിരെ സ്പീക്കര്‍ക്കും ഒറ്റപ്പുന്ന കൊട്ടാരെ റോഡിന്റെ അറ്റകുറ്റപ്പണിക്കായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനും ക്‌ളബ്ബംഗങ്ങള്‍ നിവേദനം നല്കിയിരുന്നു സീസ് കോ ഓര്‍ഡിനേറ്റര്‍ കെ.ടി. മോളിക്കൊപ്പം അധ്യാപകരും പി.ടി.എ. യും പദ്ധതിക്കായി കൈകോര്‍ത്തിരുന്നു. ഹെഡ്മിസ്ട്രസ്സ് എന്‍.സി. മിനി, പി.ടി.എ. പ്രസിഡന്റ് ഡോ. പ്രേംകുമാറും ശക്തമായ പിന്തുണയായിരുന്നു പദ്ധതിക്ക് നല്കിയത്. പുതിയ വര്‍ഷത്തിലും പ്രവര്‍ത്തനവിജയം ആവര്‍ത്തിക്കാനുള്ള പരിശ്രമങ്ങള്‍ സ്‌കൂളില്‍ തുടങ്ങിയിട്ടുണ്ട്.