നാട്ടിലും വീട്ടിലും 'നക്ഷത്ര മരങ്ങള്‍' നിറച്ച് ആവണീശ്വരം സ്‌കൂള്‍

Posted By : klmadmin On 3rd August 2014


കുന്നിക്കോട്: പിന്നിടുന്ന ഓരോ പിറന്നാളും ആവണീശ്വരം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ആഘോഷമാണ്. പണം പൊടിച്ചും പാര്‍ട്ടികൂടിയുമല്ല ഈ ആഘോഷമെന്നുമാത്രം. ഓരോ ജന്മദിനവും ഓര്‍ത്തുവയ്ക്കാന്‍ തക്കവിധത്തില്‍ പ്രകൃതിക്ക് തണലൊരുക്കിയാണ് കുട്ടികള്‍ പിറന്നാളുകള്‍ അവിസ്മരണീയമാക്കുന്നത്. നക്ഷത്രമരങ്ങള്‍ നാടിന്റെ ഐശ്വര്യം എന്ന പേരില്‍ എ.പി.പി.എം.വി.എച്ച്.എസ്.എസ്സിലെ മാതൃഭൂമി സീഡ് ക്ലബാണ് പദ്ധതി നടപ്പാക്കുന്നത്. ജന്മനക്ഷത്രവുമായി ബന്ധപ്പെട്ട വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചാണ് പിറന്നാള്‍ ആഘോഷിക്കുക. നടുന്ന മരം സംരക്ഷിക്കാനും വിദ്യാര്‍ഥികള്‍തന്നെ ജാഗ്രതപുലര്‍ത്തുകയും ചെയ്യുന്നുണ്ട്. സ്‌കൂളില്‍ പദ്ധതി നടപ്പാക്കിയതോടെ മിക്കവരും പിറന്നാളിനായി കാത്തിരുന്നതൊന്നുമില്ല. സ്വന്തം നാളിന് ചേരുന്ന മരം ഏതെന്ന് ചോദിച്ചറിഞ്ഞ് വീട്ടുമുറ്റത്തും പൊതുസ്ഥലങ്ങളിലും നക്ഷത്രമരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന തിരക്കിലാണ്. പരിസ്ഥിതിദിനത്തേടനുബന്ധിച്ചുതന്നെ പദ്ധതിക്ക് തുടക്കമായെങ്കിലും കഴിഞ്ഞദിവസമാണ് ഔദ്യോഗിക ഉദ്ഘാടനം നടന്നത്. ഭരണി നാളുകാരായ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നെല്ലിമരം നട്ടാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ വി.നിസാമുദ്ദീന്‍, സീഡ് കോഓര്‍ഡിനേറ്റര്‍ മീര ആര്‍.നായര്‍, സ്റ്റാഫ് അംഗങ്ങളായ ആശ, ഷാജി, ശ്രീരാജ്, അനൂപ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ചടങ്ങിന്റെ ഭാഗമായി പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ സെമിനാറുകളും നടന്നു.