പൈതൃക സ്മരണകളുടെ നടവഴികളിലൂടെ സീഡിന്റെ ഹരിതയാത്ര

Posted By : klmadmin On 2nd August 2014


 

എഴുകോണ്: പൈതൃകസമാജത്തിന് തുടക്കംകുറിച്ച് ഭൂമിയെ പച്ചക്കുട ചൂടിക്കാന് പ്രതിജ്ഞയെടുത്തവര് കുഴിമതിക്കാട് കടുത്താനത്ത് വലിയമഠത്തില് ഒത്തുചേര്ന്നത് മാതൃഭൂമി സീഡിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി. എഴുകോണ് വിവേകോദയം സംസ്‌കൃത വൊക്കേഷണല് ഹയര് സെക്കൻഡറി സ്‌കൂളിലെ വിദ്യാര്ഥികളാണ്  മാതൃഭൂമി സീഡിന്റെ കുടയും ചൂടി ചരിത്രത്തിന്റെ നടവഴികളിലേക്ക് കടന്നെത്തിയത്. മഠത്തിന്റെ പടിപ്പുര കടന്നെത്തിയ, ചരിത്രസത്യങ്ങളെ തൊട്ടറിയാനും കേട്ടറിയാനും വെമ്പല്‌കൊണ്ട കുഞ്ഞുങ്ങള്ക്കുമുന്നില് കഥപറയുന്ന മുത്തശ്ശിയായി തറവാട്ടമ്മയായ സുഭദ്രാദേവി അന്തര്ജനം എത്തിയത് രാമായണമാസത്തിലെ മറ്റൊരു പുണ്യമായി.
പ്രകൃതിയുടെ അമൂല്യ വരദാനങ്ങളായ കാവും കുളവും പുഴയും കുന്നും വയലും സംരക്ഷിക്കുന്നതിന് ഊന്നല് നല്കുന്നതാണ് എഴുകോണിലെ സീഡ് യൂണിറ്റ് രൂപംനല്കിയ പൈതൃകസമാജം. ചരിത്രവും പാരമ്പര്യവും ഒത്തുചേരുന്ന ഇടങ്ങളില് ഇവയ്ക്കുളള സാധ്യത അനന്തമാണെന്നും പൈതൃകസമാജം കണക്കുകൂട്ടുന്നു. ഈ കണക്കുകൂട്ടലുകളെ ശരിവയ്ക്കുന്നതായിരുന്നു കാവും  കുളവും തേവാരപ്പുരയും നടുത്തളവും നാലുകെട്ടും എല്ലാം ഒത്തുചേര്ന്ന കടുത്താനത്ത് മഠം. 36 പറ ഉപ്പ് സൂക്ഷിക്കുന്നതിനായി രാജാവ് നല്കിയ വലിയ ഭരണിയും നെല്ലറയും അടക്കമുളള ചരിത്രസ്പര്ശിയായ സാമഗ്രികളും ഛായാചിത്രങ്ങളും കുട്ടികള്ക്ക് കൗതുകക്കാഴ്ചയായി. അഴിപ്പുര, കോംപുര, വാടാവ് തുടങ്ങിയ പേരുകളുള്ള അറകളോടുകൂടിയ നാലുകെട്ട് പുതുതലമുറയ്ക്ക് പുത്തന് ദൃശ്യാനുഭവംതന്നെയായി. അതിലേറെ മനംകുളിര്പ്പിക്കുന്നതായി മഠത്തിന് തണൽ  വിരിക്കുന്ന കാവും മരങ്ങളും. 
പടര്ന്നുപന്തലിച്ച കാവിന്റെ തണലില് നാടന്പാട്ടുകള് ചൊല്ലിയും തിമില വായിച്ചും ചിത്രരചന നടത്തിയും സസ്യവൈവിധ്യങ്ങള് കണ്ടറിഞ്ഞും കുട്ടികള് തങ്ങളുടെ ഹരിതയാത്രയെ അര്ഥവത്താക്കി. തിരുവിതാംകൂറിന്റെ
ചരിത്രത്തെ ത്രസിപ്പിച്ച അനിഴംതിരുനാള് മാര്ത്താണ്ഡവര്മ്മയുടെയും രാമയ്യന് ദളവയുടെയും പാദസ്പര്ശമേറ്റതാണ്  കടുത്താനത്ത് മഠം. എട്ടുവീട്ടില് പിള്ളമാരില്‌നിന്ന് രക്ഷനേടുന്നതിനായി കൊട്ടാരംവിട്ടിറങ്ങിയ യുവരാജാവും ദളവയും ബ്രാഹ്മണവേഷത്തിലാണ് മഠത്തിലെത്തിയത്. വഴിയില് നടന്നലഞ്ഞ് ക്ഷീണിതരായിക്കണ്ട ഇവരെ മഠത്തിലെ കാരണവര് കൂട്ടിക്കൊണ്ട് വരികയായിരുന്നു. പിന്നീട് പിള്ളമാരെ തോല്പിച്ച് മാര്ത്താണ്ഡവര്മ്മ അധികാരമേറ്റതോടെ കടുത്താനത്ത് മഠത്തിന് വലിയമഠം എന്ന സ്ഥാനപ്പേരും തൃക്കടവൂര് ക്ഷേത്രത്തിന്റെ പുരോഹിതസ്ഥാനവും കിട്ടി.
         പൈതൃകസമാജത്തിന് തുടക്കംകുറിക്കാന് എഴുകോണ് സംസ്‌കൃത സ്‌കൂളിലെ കുട്ടികള് കടുത്താനത്ത് വലിയമഠം തിരഞ്ഞെടുത്തതോടെ സീഡ് സേനാംഗങ്ങളുടെ ഹരിതയാത്ര തിരുവിതാംകൂറിന്റെ ഏടുകളിലേക്കുള്ള ചരിത്രയാത്രകൂടിയായി.