ഡെങ്കിപ്പനിക്കെതിരെ വിദ്യാര്‍ഥികള്‍

Posted By : Seed SPOC, Alappuzha On 29th July 2014





ചാരുംമൂട്: ഡെങ്കിപ്പനിക്കെതിരെയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങിയ നൂറനാട് സി.ബി.എം.എച്ച്.എസ്സിലെ 'മാതൃഭൂമി' സീഡ് ക്ലബ്ബ് അംഗങ്ങള്‍ക്ക് നാട്ടുകാരുടെ പ്രശംസ. കഴിഞ്ഞവര്‍ഷം പാലമേല്‍ പഞ്ചായത്തില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിച്ചപ്പോഴാണ് ബോധവത്കരണ പ്രവര്‍ത്തനങ്ങളും മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളുമായി കുട്ടികള്‍ രംഗത്തിറങ്ങിയത്.
കഴിഞ്ഞവര്‍ഷം നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കൂളിന് മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സീഡ് ക്ലബ്ബുകളില്‍ മൂന്നാംസ്ഥാനം ലഭിച്ചു.
സ്‌കൂള്‍ സമീപത്തുള്ള വീടുകള്‍ സന്ദര്‍ശിച്ച് ഡെങ്കിപ്പനിബാധയെപ്പറ്റി ബോധവത്കരണം നടത്തുകയാണ് കുട്ടികള്‍ ആദ്യം ചെയ്തത്.
സീഡ് ക്ലബ്ബിന്റെ 'പ്രകൃതിചേരലി'ന്റെ ഭാഗമായി പക്ഷിനിരീക്ഷണം നടത്തി. ദേശാടനപ്പക്ഷികളുടെ ഗ്രാമം എന്ന് പേരുകേട്ട നൂറനാട്ട് പക്ഷികളുടെ എണ്ണം കുറഞ്ഞതിന്റെ കാരണം അന്വേഷിച്ചു. മൊബൈല്‍ ടവറുകളുടെ റേഡിയേഷന്‍, റബ്ബര്‍ മരങ്ങളുടെ വര്‍ധന, ആഞ്ഞിലി, പ്ലാവ്, മാവ് തുടങ്ങിയ മരങ്ങളുടെ കുറവ്, വയലുകളില്‍ നെല്‍ക്കൃഷിയുടെ ഇല്ലായ്മ എന്നിവ പക്ഷികളെ പ്രതികൂലമായി ബാധിക്കുന്നതായി കണ്ടെത്തി. പക്ഷികളുടെ വരവിനായി വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകത നാട്ടുകാരെ ബോധ്യപ്പെടുത്തി.
രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പാലമേല്‍ പഞ്ചായത്തില്‍ കുളങ്ങള്‍ സംരക്ഷിക്കുന്നതിന് സി.ബി.എം.എച്ച്.എസ്സിലെ സീഡ് പോലീസ് അംഗങ്ങള്‍ മുന്നിട്ടിറങ്ങി.
അന്യമായിക്കൊണ്ടിരിക്കുന്ന നെല്‍ക്കൃഷി പ്രോത്സാഹിപ്പിക്കാന്‍ സ്‌കൂള്‍ വളപ്പില്‍ കരനെല്‍ക്കൃഷി ചെയ്തു. മരച്ചീനിയും പച്ചക്കറിയും ഇതോടൊപ്പം കൃഷിയിറക്കി. ജൈവകൃഷിരീതികളെപ്പറ്റി ബോധവത്കരണവും നടത്തി.
സീഡ് ക്ലബ്ബും എന്‍.സി.സി.യും ജൂനിയര്‍ റെഡ്‌ക്രോസ്സും ചേര്‍ന്ന് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ 150ല്‍പ്പരം പേര്‍ പങ്കെടുത്തു. കഴിഞ്ഞവര്‍ഷം ഹെഡ്മിസ്ട്രസ് ആയിരുന്ന സി. തങ്കമണി, ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ എന്‍. അബ്ദുള്‍ അസീസ്, സീഡ് കോഓര്‍ഡിനേറ്റര്‍ എസ്. സുനിത, പി.ടി.എ. പ്രസിഡന്റ് എസ്. സജി, അധ്യാപകരായ കെ. ഉണ്ണിക്കൃഷ്ണന്‍, ജെ. ഹരീഷ്‌കുമാര്‍, എസ്. സജിനി, എസ്. രാജേഷ്, ആര്‍. സന്തോഷ്ബാബു എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

നൂറനാട് സി.ബി.എം.എച്ച്.എസ്സിലെ 'മാതൃഭൂമി' സീഡ് ക്ലബ്ബ് അംഗങ്ങള്‍ വീടുകളില്‍ ഡെങ്കിപ്പനി ബോധവത്കരണം നടത്തുന്നു.