രാഹുലിന്റെ ഓര്‍മയില്‍ മരങ്ങള്‍ നട്ട്

Posted By : ksdadmin On 22nd July 2013


 ഉദുമ: പ്രിയപ്പെട്ട കൂട്ടുകാരാ, നിന്റെ ഓര്‍മയില്‍ ഈ വിദ്യാലയാങ്കണത്തില്‍ ഇനി തേനൂറുന്ന ഫലങ്ങള്‍ തരുന്ന മരങ്ങള്‍ വളരും. ചെടികളെയും പൂക്കളെയും ജീവനുതുല്യം സ്‌നേഹിച്ച രാഹുലിന്റെ സ്മരണയ്ക്കായി ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ ഓര്‍മമരങ്ങള്‍ നട്ടത്. മാവ്, സപ്പോട്ട, പേരയ്ക്ക, ബദാം, പ്ലാവ്, തെങ്ങ് തുടങ്ങിയ മരങ്ങള്‍ രാഹുലിന്റെ ഓര്‍മയില്‍ സ്‌കൂളിനു ചുറ്റും വളരും. വേനലില്‍ അതിന് വെള്ളമൊഴിക്കുമെന്നും ഒരിക്കലും നശിക്കാതെ സംരക്ഷിക്കുമെന്നും കുട്ടികള്‍ മനസ്സില്‍ കുറിച്ചിട്ടിരിക്കുകയാണ്. രക്താര്‍ബുദത്തിന്റെ രൂപത്തിലെത്തിയ മരണം എട്ടാംതരം വിദ്യാര്‍ഥിയായിരുന്ന രാഹുലിനെ കഴിഞ്ഞ ആഴ്ചയാണ് കൂട്ടിക്കൊണ്ടുപോയത്. രോഗത്തോട് മല്ലിടുമ്പോഴും തത്തകളും പ്രാവുകളും രാഹുലിന്റെ കൂട്ടുകാരായിരുന്നു. താന്‍ നട്ടുവളര്‍ത്തിയ ചെടി കുറച്ചു വലുതായാല്‍ അതിലൊരു കമ്പ് നല്‍കാമെന്ന് അവന്‍ പ്രിയപ്പെട്ട ടീച്ചര്‍ക്ക് വാക്കുനല്‍കിയിരുന്നു. എന്നാല്‍ ആ ചെടി വളര്‍ന്ന് വലുതാകുംമുമ്പേ പിറന്നാള്‍ ദിവസംതന്നെ വിധി അവനെ തിരിച്ചുവിളിക്കുകയായിരുന്നു. സ്‌കൂളില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം പ്രഥമാധ്യാപകന്‍ കെ.വി.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സീഡ് കോ ഓര്‍ഡിനേറ്റര്‍ എം.കെ.പ്രസാദ്, ലതീഷ് ബാബു എന്നിവര്‍ സംസാരിച്ചു. വര്‍ഷ സ്വാഗതവും മിദ്‌ലാജ് നന്ദിയും പറഞ്ഞു.