പാലാ: പഠനത്തോടൊപ്പം ജൈവനെല്‍കൃഷിയിലും ശ്രേദ്ധയമാവുകയാണ് രാമപുരം സെന്റ് അഗസ്റ്റ്യന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. കൊണ്ടാട് ചുരവേലി പാടത്ത് ഒരേക്കര്‍ സ്ഥലത്താണ് ചെലവില്ലാ പ്രകൃതികൃഷി രീതിയില്‍ വിരിപ്പ് കൃഷി നടത്തുന്നത്. അന്യംനിന്നുപോയ തവളക്കണ്ണന്‍ എന്ന നാടന്‍ ഇനമാണ് കൃഷിക്ക് ഉപയോഗിച്ചിരിക്കുന്നത്. മാതൃഭൂമി സീഡ് പദ്ധതിയിലെ അംഗങ്ങളാണ് നെല്‍കൃഷി നടത്തുന്നത്.
പ്‌ളാസ്റ്റിക് ഷീറ്റില്‍ പാകിയ വിത്ത് പന്ത്രണ്ട് ദിവസം മൂെപ്പത്തിയപ്പോള്‍ പറിച്ച് പാടത്ത് ഒറ്റഞാറായി നട്ടു. നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് നിര്‍മ്മിച്ച 'ഘനജീവാമൃതം' ഒരേക്കറിന് 200 കിലോ കണക്കില്‍ അടിവളമായി ഉപയോഗിച്ചു.
പ്‌ളാസ്റ്റിക് ഷീറ്റില്‍നിന്ന് ഇളക്കിയെടുത്ത ഞാറ് പെട്ടെന്ന് വേരുപിടിച്ച് കരുത്തോടെ വളരുന്നു.
നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ചുണ്ണാമ്പും ചേര്‍ത്തു തയ്യാറാക്കിയ ബീജാമൃതത്തില്‍ വേരു മുക്കിയാണ് നട്ടത്. വിദ്യാര്‍ഥികള്‍തന്നെയാണ് കൃഷിപ്പണികളെല്ലാം നടത്തിയത്. സുഭാഷ് പാലേക്കര്‍ കൃഷിരീതിയുടെ പ്രചാരകനായ സി.എന്‍.മധുസൂദനന്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കി. ഞാറ് നടീലിന് പഞ്ചായത്തംഗം ഷൈനി ഷാജി, പ്രിന്‍സിപ്പല്‍ കെ.ജെ.എബ്രഹാം, സീഡ് കോഓര്‍ഡിനേറ്റര്‍ സാജു മാന്തോട്ടം, അധ്യാപകരായ ജയ്‌സണ്‍ സെബാസ്റ്റ്യന്‍, ജോവിന്‍ തോമസ്, സി.വി.മാനുവല്‍, സജേഷ് സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.