അടൂര്‍: നെല്‍വയലുകള്‍ നികത്തി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ത്തുന്ന ആധുനിക സംസ്‌കാരത്തിനെതിരെ മാതൃകാപരമായ സന്ദേശമാണ് പന്നിവിഴ ടി.കെ.എം.വി. യു.പി.സ്‌കൂള്‍ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങള്‍ നല്‍കുന്നത്. നെല്‍കൃഷിയിലൂടെയാണ് ഈ മാതൃകാപരമായ പ്രവര്‍ത്തനം. നെല്‍വയലുകള്‍ ഇപ്പോള്‍ കാണാനേയില്ല. നെല്‍കൃഷി ഓര്‍മ്മയിലുമാകുന്നു. പക്ഷേ, പാഠഭാഗങ്ങളിലെല്ലാം നെല്‍വയലും നെല്‍കൃഷിയും നിറഞ്ഞുനില്‍ക്കുകയാണ്. നെല്‍കൃഷിയും അതിന്റെ പ്രാധാന്യവും കുട്ടികള്‍ക്ക് മനസ്സിലാക്കുന്നതിനാണ് സ്‌കൂള്‍വളപ്പിലെ സ്ഥലത്ത് കരനെല്‍കൃഷി ചെയ്യാമെന്ന ആശയം ഉണ്ടായത്. മാതൃഭൂമി സീഡ് കോഓര്‍ഡിനേറ്റര്‍ ടി.കെ.ശ്രീജിത്ത് ഈ ആശയവുമായി എത്തിയപ്പോള്‍ സ്‌കൂളിലെ ഹെഡ്മിസ്ട്രസ് ഷെര്‍ളി സി.ബേബി, അധ്യാപകരായ ഷേര്‍ളി പി.ജോണ്‍, വി.എസ്.ജയശ്രീ, എം.ആര്‍.മഞ്ജു, ശ്രീരാജ് വൈ.ഉണ്ണിത്താന്‍, പി.ടി.എ. പ്രസിഡന്റ് അനിത രവീന്ദ്രന്‍ എന്നിവര്‍ പൂര്‍ണപിന്തുണയുമായി ഒപ്പമെത്തി. അതിലേറെ ആവശത്തോടെ സ്‌കൂളിലെ കുട്ടികളും നെല്‍കൃഷിക്ക് തയ്യാറായി. പിന്നീട് എല്ലാം വേഗത്തിലായിരുന്നു. വിശാലമായ സ്‌കൂള്‍വളപ്പിന്റെ ഒരു ഭാഗം കരനെല്‍കൃഷിക്കായി ഇവര്‍ ഒരുമിച്ച് ഒരുക്കി. വയലുകളില്‍ മുഴങ്ങിക്കേള്‍ക്കുന്ന കൊയ്ത്തുപാട്ടുകളുടെ അകമ്പടിയോടെ അവര്‍ വിത്ത് പാകി. ഇപ്പോഴും കുട്ടികള്‍ക്ക് പഠനം കഴിഞ്ഞാലും ജോലിയുണ്ട്. മുളച്ചുവരുന്ന നെല്‍കതിരുകളുടെ ചുവട്ടിലെ കളകള്‍ പറിച്ചുകളയാന്‍ ഇവര്‍ ഉത്സാഹത്തോടെയാണ് പങ്കെടുക്കുന്നത്.
കരനെല്‍കൃഷിക്കൊപ്പം മരച്ചീനിയും പച്ചക്കറിയുമെല്ലാം ഇവര്‍ പരിപാലിച്ചുപോരുന്നു.