'എന്റെ നദി, എന്റെ ജീവന്‍' മീനച്ചിലാര്‍ പുനര്‍ജനിക്കായി സീഡ് പ്രവര്‍ത്തകര്‍

Posted By : ktmadmin On 24th July 2014


പുലിയന്നൂര്‍: ദൈവത്തിന്റെ വരദാനമായ മീനച്ചിലാറിന്റെ സംരക്ഷണം ലക്ഷ്യമിട്ട് പുലിയന്നൂര്‍ ഗായത്രി സെന്‍ട്രല്‍ സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ കര്‍മരംഗത്തിറങ്ങി. എന്റെ നദി, എന്റെ ജീവന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി കുട്ടികള്‍ റാലി നടത്തി. കുമ്മണ്ണൂര്‍ ഭദ്രേശ്വരംകടവില്‍ ഇല്ലിക്കമ്പുകള്‍ നാട്ടി തീരസംരക്ഷണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. അമിതമായ ചൂഷണംമൂലം നദി വരണ്ടുണങ്ങിയാല്‍ ജീവനുതന്നെ ഭീഷണിയാകുമെന്ന തിരിച്ചറിവാണ് കുട്ടികളെ ബോധവത്കരണത്തിന് പ്രേരിപ്പിച്ചത്.     
മീനച്ചിലാര്‍ പുനര്‍ജനി സമിതിയംഗം പ്രൊഫ. രാജു ഡി.കൃഷ്ണപുരം മീനച്ചിലാര്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികള്‍ക്ക് ക്ലാസെടുത്തു. മീനച്ചിലാര്‍ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങുമെന്ന ദൃഢപ്രതിജ്ഞയ്ക്കുശേഷമാണ് കുട്ടികള്‍ മടങ്ങിയത്.
ഗായത്രി സ്‌കൂള്‍ സീഡ് കോഓര്‍ഡിനേറ്റര്‍ ബിജി ഗോപാലകൃഷ്ണന്‍,ദീപ പദ്മനാഭന്‍ എന്നിവര്‍ നേതൃത്വം നല്‍കി.