നീരുറവയ്ക്കായി പൊരുതിയ ചത്തിയറ വി.എച്ച്.എസ്.എസ്സിന് അഭിമാനകിരീടം

Posted By : Seed SPOC, Alappuzha On 24th July 2014



ചാരുംമൂട്: താമരക്കുളം ഗ്രാമപ്പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമവും അതിനുള്ള കാരണങ്ങളും പരിസ്ഥിതി മലിനീകരണ പ്രശ്‌നങ്ങളും മുഖ്യമന്ത്രി അടക്കമുള്ളവരുടെ മുന്നിലെത്തി അവതരിപ്പിച്ച് പരിഹാരം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നത് ചത്തിയറ വി.എച്ച്.എസ്.എസ്. 'മാതൃഭൂമി' സഞ്ജീവനി സീഡ് ക്‌ളബ്ബിന്റെ നേട്ടം.
സ്‌കൂളിന്റെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, മാതൃഭൂമി സീഡിന്റെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മികച്ച രണ്ടാമത്തെ വിദ്യാലയത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹമാക്കി. ഒപ്പം മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മികച്ച സീഡ് കോഓര്‍ഡിനേറ്ററായി സ്‌കൂളിലെ ബീഗം കെ.രഹ്നയും തിരഞ്ഞെടുക്കപ്പെട്ടു.
വേനലിന്റെ തുടക്കത്തില്‍ത്തന്നെ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന പഞ്ചായത്താണ് താമരക്കുളം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി താമരക്കുളത്ത് മണ്ണെടുപ്പും ചെങ്കല്ലുഖനനവും വര്‍ധിച്ചതിനെത്തുടര്‍ന്നാണ് കുടിവെള്ളക്ഷാമം രൂക്ഷമായതെന്ന് സീഡ് സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തി.
സീഡ് കുട്ടികള്‍ തയ്യാറാക്കിയ പഠനറിപ്പോര്‍ട്ടും പ്രോജക്ടും നിവേദനവും മുഖ്യമന്ത്രിക്ക് നേരിട്ടുനല്‍കി. ഇത് മുഖ്യമന്ത്രി ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് കൈമാറി. ഇതോടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി വെള്ളമെത്തിച്ചു. ക്രഷര്‍ യൂണിറ്റും പേപ്പര്‍ ഫാക്ടറിയും ഉയര്‍ത്തിയ പരിസ്ഥിതി മാലിന്യപ്രശ്‌നങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ക്കൊണ്ടുവന്ന് പരിഹാരം ഉണ്ടാക്കുന്നതിന് സീഡ് ക്‌ളബ്ബിന് കഴിഞ്ഞു. കുട്ടികളില്‍നിന്ന് ശേഖരിച്ച പിടിയരി അവശത അനുഭവിക്കുന്നവര്‍ക്ക് നല്‍കുന്ന 'അശരണര്‍ക്കൊരു കൈത്താങ്ങ് ' പദ്ധതി നടപ്പാക്കി. അഞ്ച് വാര്‍ഡുകളിലെ അഞ്ചുപേര്‍ക്ക് മാസം 10 കിലോഗ്രാം വീതം അരി നല്‍കിവരുന്നു.
ഹരിതഗ്രാമം പദ്ധതിയില്‍ പുതുച്ചിറ ബണ്ടില്‍ 50 തെങ്ങിന്‍ തൈകളും ഫലവൃക്ഷത്തൈകളും നട്ടു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് 534 വീടുകളില്‍ 'ഒരു മുരിങ്ങ, ഒരു ഓമ, ഒരു കറിവേപ്പ്' പദ്ധതി നടപ്പാക്കി. കായംകുളം ദേവികുളങ്ങരയിലെ കണ്ടല്‍ക്കാട് സന്ദര്‍ശനം നടത്തി. പ്‌ളാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കുന്നതിനായി കുട്ടികള്‍ക്ക് തുണിസഞ്ചികള്‍ നല്‍കി. പേപ്പര്‍ബാഗ് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കി.
പ്രിന്‍സിപ്പല്‍ കെ.എന്‍. ഗോപാലകൃഷ്ണന്‍, പി.ടി.എ. പ്രസിഡന്റ് എസ്.വൈ. ഷാജഹാന്‍, സ്‌കൂള്‍ മാനേജര്‍ രുക്മിണിയമ്മ, ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ. രാധാകൃഷ്ണനുണ്ണിത്താന്‍, അധ്യാപകരായ എ.കെ. ബബിത, കെ.എന്‍. അശോക്കുമാര്‍, ജി. വേണു, റീന, ഗീത, സഹജ എന്നിവരും സ്‌കൂളിലെ സീഡ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.