കടല്‍ത്തീര സംരക്ഷണത്തിന് കണ്ടല്‍ ചെടികളുടെ പ്രാധാന്യം മനസ്സിലാക്കി മാതൃഭൂമി സീഡ്ക്‌ളബ്ബ് കഴിഞ്ഞ അധ്യയന വര്‍ഷവും ചെടികള്‍ നട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് 'കണ്ടല്‍വേണം തീരം കാക്കാന്‍' എന്ന മുദ്രാവാക്യവുമായി സീഡ്ക്‌ളബ്ബ് മുന്നോട്ട് വന്നിരിക്കുന്നത്.
കോട്ടയം നേച്ചര്‍ സൊസൈറ്റിയുടെയും ആലപ്പുഴ സോഷ്യല്‍ ഫോറസ്ട്രിയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തീരം സംരക്ഷിക്കാനുള്ള പ്രകൃതിദത്തമായതും ശാസ്ത്രീയമായതുമായ മാര്‍ഗ്ഗം കണ്ടല്‍ ചെടികളാണെന്ന് മാതൃഭൂമി സീഡ് ക്‌ളബ്ബാണ് തീരവാസികള്‍ക്ക് കാണിച്ചുകൊടുത്തത്. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി കൂടുതല്‍ സ്ഥാപനങ്ങള്‍ കണ്ടല്‍ ചെടികളുമായി തീരസംരക്ഷണത്തിന് മുന്നോട്ട് വന്നിട്ടുണ്ട്. ഈ മാതൃക മറ്റുള്ളവര്‍ പിന്തുടരുന്നത് സീഡ് ക്‌ളബ്ബിനുള്ള അംഗീകാരമായി കുട്ടികള്‍ കാണുന്നു.
ആലപ്പുഴയുടെ തീരങ്ങളില്‍ കണ്ടല്‍ ചെടികള്‍ വളരുമെന്ന് കാണിച്ചുകൊടുക്കാനും സീഡ്ക്‌ളബ്ബിന്റെ ഉദ്യമത്തിന് സാധിച്ചു. കടലാക്രമണത്തെ നേരിടാന്‍ കരിങ്കല്ലുകള്‍ ഉപയോഗിച്ച് കടല്‍ഭിത്തി നിര്‍മ്മാണവും പുലിമുട്ടുകളും പ്രകൃതിക്ക് യോജിച്ചതല്ല. ഇത് അശാസ്ത്രീയമായതിനാല്‍ പല സ്ഥലങ്ങളിലും ഇത് പ്രയോജനപ്പെടുന്നില്ല. ജൈവസംവിധാനം മാത്രമേ നിലനില്‍ക്കുകയുള്ളൂ എന്ന അറിവ് സീഡ്ക്‌ളബ്ബ് അംഗങ്ങള്‍ തീരവാസികള്‍ക്ക് ഈ പദ്ധതിയിലൂടെ പകര്‍ന്ന് നല്‍കുന്നു. കാട്ടൂര്‍ ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പൊള്ളേത്തൈ ഗവ. ഹൈസ്‌കൂള്‍, സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ പള്ളിത്തോട് എന്നീ സ്‌കൂളുകളിലെ സീഡ്ക്‌ളബ്ബിലെ വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ അധ്യയനവര്‍ഷം തീരത്ത് കണ്ടല്‍ ചെടികള്‍ നട്ടത്. ഹുങ്കാരശബ്ദത്തോടെ എത്തുന്ന തിരമാലകള്‍ വീടുകള്‍ തകര്‍ത്തെറിയുന്ന ഭീകരതയ്ക്ക് അറുതി വരുത്തണമെന്നുള്ള കുട്ടികളുടെ ഉറച്ച തീരുമാനവും ഈ പദ്ധതിക്ക് വിജയത്തിനുള്ള ഘടകമായി.
പൊള്ളേത്തൈ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് ഉദയപ്പന്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജര്‍ സി. സുരേഷ്‌കുമാര്‍, എസ്.ആര്‍.ജി. കണ്‍വീനര്‍ പി.എന്‍. സൂസി, സീഡ് എക്‌സിക്യൂട്ടീവ് അമൃത സെബാസ്റ്റ്യന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രധാനാധ്യാപിക ഇന്‍ ചാര്‍ജ്ജ് എ. ഓമന സ്വാഗതം പറഞ്ഞു. സീഡ് കോ ഓര്‍ഡിനേറ്റര്‍മാരായ അജിത പി.ജി., റോസ്‌മേരി കെ.ഐ. എന്നിവര്‍ നേതൃത്വം നല്‍കി.