'മിസ് കേരള'യെ കാക്കാന്‍ പാലാവയലിലെ കുട്ടികള്‍

Posted By : ksdadmin On 22nd July 2013


 

 
'മിസ് കേരള'യെന്ന മീനിനെ കാത്തും, രാജവെമ്പാലയെന്ന പാമ്പിനെ കണ്ടും പാലാവയല്‍ സെന്റ്‌ജോണ്‍സ് ഹൈസ്‌കൂളിലെ സീഡ് അംഗങ്ങള്‍ കഴിഞ്ഞവര്‍ഷം സംഭവ ബഹുലമാക്കി. ഭക്ഷണമാലിന്യം കുറയ്ക്കാനുള്ള യജ്ഞം തുടങ്ങി വെച്ച സെന്റ് ജോണ്‍സിലെ സീഡ് പോലീസ് അംഗങ്ങള്‍ പാലവയല്‍ അങ്ങാടി വൃത്തിയാക്കാനും മുന്നിട്ടിറങ്ങിയവരാണ്. ഇത്തരം മുന്നിട്ടിറങ്ങലുകളാണ് സെന്റ് ജോണ്‍സിനെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സീഡ് സ്‌കൂളുകളില്‍ മൂന്നാം സ്ഥാനത്തെത്തിച്ചത്. 
  കാര്യങ്കോട് പുഴ സംരക്ഷണ യജ്ഞം 'മിസ് കേരള'യെന്ന മീനിന്റെ ജീവസംരക്ഷണ കര്‍മത്തിലേക്ക് സീഡ് അംഗങ്ങളെ എത്തിച്ചു. ഇതു സംബന്ധിച്ച് അവര്‍ നിര്‍മ്മിച്ച ഹ്രസ്വചിത്രവും ഏറെ ശ്രദ്ധേയമായി. ഏദന്‍ ഔഷധ സസ്യ തോട്ടവും, മുന്തിരിപ്പന്തലും, രാമച്ചവേലിയും ഇവരുടെ സ്വകാര്യ അഹങ്കാരങ്ങളാണ്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ, മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും ചെയ്യുന്നതോടൊപ്പം നല്ല മാതാപിതാക്കളാകാനുള്ള പരിശീലനവും സീഡ് ക്ലബ് സംഘടിപ്പിച്ചിരുന്നു. 
   സീഡ് കോ-ഓര്‍ഡിനേറ്റര്‍ മിനി സെബാസ്റ്റിയന്റെ ആത്മാര്‍പ്പണത്തിന് പ്രഥമാധ്യാപകന്‍ പി.കെ ജോസഫും, മാനേജര്‍ ഫാ. ജോസ് തച്ചപ്പള്ളിയും നല്‍കിയ പിന്തുണയാണ് ഈ വിജയത്തിന് പിന്നിലെന്ന് സീഡ് അംഗങ്ങള്‍ പറഞ്ഞു.