ദക്ഷിണമൂകാംബിയില്‍ 'സീഡ് ഉദ്യാനം'

Posted By : ktmadmin On 21st July 2014


പനച്ചിക്കാട് ദേവസ്വവും പനച്ചിക്കാട് എന്‍.എസ്.എസ്. യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡ് പ്രവര്‍ത്തകരും ചേര്‍ന്ന്
ദക്ഷിണമൂകാംബി ക്ഷേത്രത്തില്‍ നടപ്പാക്കുന്ന സീഡ് ഉദ്യാനത്തിന്റെ നിര്‍മാണോദ്ഘാടനം സ്‌കൂള്‍
പ്രഥമാധ്യാപിക എല്‍.പ്രേമകുമാരിയില്‍നിന്ന് ചെന്തെങ്ങിന്‍തൈ സ്വീകരിച്ചുകൊണ്ട് പനച്ചിക്കാട് ദേവസ്വം
മാനേജര്‍ കെ.എന്‍.നാരായണന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു. അസി.മാനേജര്‍ കെ.വി.ശ്രീകുമാര്‍,
സീഡ് കോഓര്‍ഡിനേറ്റര്‍ കെ.പി.മിനി, മറ്റ് അധ്യാപകര്‍, സീഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ സമീപം
 

പനച്ചിക്കാട്: സീഡ് പ്രവര്‍ത്തകര്‍ പുതിയ ആശയങ്ങളും പദ്ധതികളും മലയാളിക്ക് പരിചയപ്പെടുത്തുകയാണിന്ന്. അത്തരമൊരു നവീനാശയമാണ് ദക്ഷിണമൂകാംബി സരസ്വതിക്ഷേത്രത്തില്‍ മാതൃഭൂമി സീഡ് പദ്ധതിപ്രകാരം നടപ്പാക്കുന്ന 'സീഡ് ഉദ്യാനം'. പനച്ചിക്കാട് എന്‍.എസ്.എസ്. യു.പി. സ്‌കൂളിലെ സീഡ് പ്രവര്‍ത്തകരുടെയും പനച്ചിക്കാട് ദേവസ്വത്തിന്റെയും സഹകരണത്തോടെയുള്ള പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ദേവസ്വം മാനേജര്‍ കെ.എന്‍.നാരായണന്‍ നമ്പൂതിരി നിര്‍വഹിച്ചു.
നാട്ടുപൂക്കളുടെ സംരക്ഷണവും ഉപയോഗവും ലക്ഷ്യമിട്ടാണ് നാട്ടുപൂന്തോട്ടം പദ്ധതി ആരംഭിക്കുന്നത്. തുളസി, ചെത്തി, ചെമ്പരത്തി, മന്ദാരം, നന്ത്യാര്‍വട്ടം, പവിഴമല്ലി, അരളി, മുല്ല, ശംഖുപുഷ്പം, ദശപുഷ്പങ്ങള്‍ തുടങ്ങിയവയ്ക്കാണ് പ്രധാന്യം. ക്ഷേത്രത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന മറ്റുള്ളയിനങ്ങളും ഉണ്ടാകും. എന്‍.എസ്.എസ്. യു.പി. സ്‌കൂള്‍ പ്രഥമാധ്യാപിക എല്‍.പ്രേമകുമാരിയും കുട്ടികളും ചേര്‍ന്ന് ഉദ്യാനത്തില്‍ ചെന്തെങ്ങിന്‍തൈ നട്ടു. ഒപ്പം തെങ്ങിന്‍തൈയ്ക്ക് മണ്ണും വെള്ളവും നല്‍കി സീഡ് അംഗങ്ങള്‍ നടീല്‍കര്‍മ്മത്തില്‍ പങ്കാളികളായി.
കുട്ടികള്‍തന്നെ വീടുകളില്‍നിന്നുള്‍െപ്പടെ ഉദ്യാനത്തില്‍ നടാനുള്ള തൈകള്‍ ശേഖരിക്കും. രാസവളപ്രയോഗം ഒഴിവാക്കും. സീഡ് കുട്ടികളെ ഓരോ സംഘമായി തിരിച്ച് ഉദ്യാനത്തിന്റെ പരിപാലനച്ചുമതല വീതിച്ചുനല്‍കും. പഠനത്തിന് മുടക്കംവരാത്ത രീതിയിലാണ് ക്രമീകരണം. അധ്യാപകരുടെ നേരിട്ടുള്ള മേല്‍നോട്ടവും ഉണ്ടാകും.