എടത്തനാട്ടുകര: എടത്തനാട്ടുകര നാലുകണ്ടം പി.കെ.എച്ച്.എം.ഒ. യു.പി. സ്‌കൂളിൽ നാടൻ ഇനമായ കരനെല്ല്കൃഷിക്ക് സ്‌കൂൾ മാതൃഭൂമി സീഡ്ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തുടക്കമായി.
ഇത് രണ്ടാംവർഷമാണ് വിദ്യാലയമുറ്റത്ത് കരനെല്ല്കൃഷി നടത്തുന്നത്. കഴിഞ്ഞവർഷത്തിൽ 200 കിലോ നെല്ലാണ് വിദ്യാർഥികൾ വിളയിച്ചെടുത്തത്.
നെല്ലുകൂടാതെ അരയേക്കറോളംവരുന്ന വിദ്യാലയവളപ്പിൽ മരച്ചീനി, മത്തൻ, കുമ്പളം, കയ്പ, വാഴ തുടങ്ങിയ പച്ചക്കറി ക്കൃഷികളും ആരംഭിച്ചിട്ടുണ്ട്. നെൽക്കൃഷിയുടെ വിത്തിടൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മഠത്തൊടി റഹ്മത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി.കെ. അബ്ദുൾസലാം അധ്യക്ഷതവഹിച്ചു.
ഇൻസ്‌പെയർ അവാർഡ് ജേതാവ് പി. അഫ്‌റയ്ക്ക് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുത്തംകോട്ട് ഉമ്മർ ഉപഹാരം നൽകി. കൃഷി അസി. ഡയറക്ടർ അബ്ദുൾകരീം, കൃഷി ഓഫീസർ സി.ആർ. രേഖ, സ്‌കൂൾ മാനേജർ വി.ടി. ഹംസ, പി. ഹംസക്കുട്ടി, സി. സക്കീർ, ടി.ടി. രമാദേവി, വി. ജയ് പ്രകാശ്, ഹെഡ്മാസ്റ്റർ കെ.കെ. അബൂബക്കർ, വി. റസാാഖ് എന്നിവർ പ്രസംഗിച്ചു.