പാലക്കാത്തകിടി സെന്റ്‌മേരീസിലേക്ക് ഇനി ശലഭങ്ങളും

Posted By : ptaadmin On 19th July 2014


മല്ലപ്പള്ളി: കുട്ടികള്‍ക്കൊപ്പം ശലഭങ്ങളും ഇനി കുന്നന്താനം പാലക്കാത്തകിടി സെന്റ്‌മേരീസ് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെത്തും. മാതൃഭൂമി സീഡ് ക്‌ളബ്ബ് പ്രവര്‍ത്തനോദ്ഘാടനഭാഗമായി ആരംഭിച്ച ശലഭോദ്യാനമാണ് പൂമ്പാറ്റകളെ ഇവിടേക്ക് ആകര്‍ഷിക്കുക.
നാട്ടുമ്പുറങ്ങളെ വര്‍ണാഭമാക്കിയിരുന്ന രാജമല്ലിയും ചെത്തിയും ചെമ്പരത്തിയും നന്ത്യാര്‍വട്ടവും കാവടിപോലെ പൂക്കുന്ന കിരീടച്ചെടിയും ശലഭങ്ങള്‍ക്ക് വിരുന്നൊരുക്കാന്‍ സ്‌കൂള്‍ വളപ്പില്‍ നട്ടു. മണ്‍സൂണ്‍ നേച്ചര്‍ ക്യാമ്പാണ് ഇതിന് വേദിയായത്.
പക്ഷികള്‍ക്കും സ്‌കൂള്‍പരിസരത്ത് ഇടം നല്‍കും. ഇതിനായി കിളിഞാവല്‍, ബേര്‍ഡ്‌സ് ചെറി തുടങ്ങിയവയാണ് നട്ടുപിടിപ്പിച്ചത്.
കേരസംരക്ഷണം ലക്ഷ്യമിട്ട് തെങ്ങിന്‍തൈ നട്ടു. വിദ്യാലയം ഉള്‍പ്പെടുന്ന പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ മുഴുവന്‍ തെങ്ങുകളുടെയും സര്‍വ്വേ പ്രവര്‍ത്തനത്തിനും തുടക്കം കുറിച്ചു. മഴവെള്ളം ഭൂമിയിലേക്ക് താഴ്ത്താന്‍ മഴക്കുഴികള്‍ എടുത്തു. സ്‌കൂളിന് ഒരു കി.മീ ചുറ്റളവിലെ പ്‌ളാസ്റ്റിക് മാലിന്യം ശേഖരിച്ചു.

 ഗംഗ, യമുന, പമ്പ, കാവേരി, സിന്ധു എന്നീ നദികളുടെ പേര് സ്വീകരിച്ച് അഞ്ച് ഗ്രൂപ്പായി തിരിഞ്ഞാണ് 50 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തത്. കപ്പയും കാന്താരിയും കട്ടന്‍കാപ്പിയും എരിവും മധുരവും പകര്‍ന്നു. ക്യാമ്പ് അവലോകനം നടത്തി. ക്യാമ്പ് പത്രം തയ്യാറാക്കി. അധ്യാപകരും രക്ഷിതാക്കളും പൂര്‍വ്വവിദ്യാര്‍ഥികളും പരിപാടിയില്‍ ഒത്തുചേര്‍ന്നു.
സ്‌കൂള്‍ വളപ്പില്‍ തെങ്ങിന്‍തൈ നട്ട് ജില്ലാ പഞ്ചായത്തംഗം ശാന്തി പി.നായര്‍ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക പി.ജി.ശ്യാമളാകുമാരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗവും സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റുമായ എസ്.വി.സുബിന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി.രാധാമണിയമ്മ, പൂര്‍വ്വവിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് വി.ജ്യോതിഷ്ബാബു, സീഡ് കോഓര്‍ഡിനേറ്റര്‍ എസ്.ശ്രീകല, സുബിന്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു.