ഒരുമയുടെ സന്ദേശവുമായി ചട്ടഞ്ചാല്‍ സ്‌കൂള്‍

Posted By : ksdadmin On 22nd July 2013


 നാടിന്റെ തുടിപ്പറിഞ്ഞുള്ള പ്രവര്‍ത്തനങ്ങളായിരുന്നു മികച്ച ഹരിത വിദ്യാലയത്തിനുളള രണ്ടാംസ്ഥാനം നേടാന്‍ ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് വഴിതുറന്നത്. അധ്യാപകരും സീഡ് ക്ലബ് അംഗങ്ങളും അധ്യാപകരക്ഷാകര്‍തൃ സമിതിയും മാനേജ്‌മെന്റും ഒന്നിച്ചാണ് ഈ നേട്ടത്തിന് പിന്നില്‍. മരമോക്ഷം, ഹരിതം-ഹരിതസ്പര്‍ശം, രക്തദാനം, പ്ലാസ്റ്റിക് നിര്‍മാര്‍ജനം, ജൈവ വൈവിധ്യ സംരക്ഷണം, സീസണ്‍ വാച്ച് നിരീക്ഷണം, പുകയില ലഹരി വിരുദ്ധാചരണം എന്നിവയായിരുന്നു സീഡ് പ്രവര്‍ത്തകര്‍ നടപ്പാക്കിയ കഴിഞ്ഞ വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

  റോഡരികില്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന മരങ്ങളില്‍ നിന്ന് പരസ്യബോര്‍ഡുകള്‍ നീക്കുകയും ഇതിനായി തറച്ചിരുന്ന നൂറുകണക്കിന് ആണികള്‍ പറിച്ചു നീക്കുകയും ചെയ്തതായിരുന്നു മരമോക്ഷം പദ്ധതി. ആണി ഉപയോഗിച്ചുള്ള പ്രഹരം മരങ്ങളെ മുറിവേല്‍പിക്കുമെന്നും ഇവയുടെ കാതല്‍ വാട്ടത്തിന് കാരണമാകുമെന്നും തിരിച്ചറിഞ്ഞ സീഡ് അംഗങ്ങള്‍ അത് സ്വന്തം നെഞ്ചില്‍ തറച്ച വേദനയോടെയാണ് പറിച്ചെടുത്തത്. ഹൈക്കോടതി വിധിയുടെ പകര്‍പ്പ് ആദ്യം ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറി. അവരുടെ സമ്മതത്തോടെയാമ് പദ്ധതി തുടങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ സഹദുല്ലയും സംഘവും ഇതിന് പിന്തുണയുമായെത്തി. പൊയിനാച്ചി മുതല്‍ ചെര്‍ക്കള വരെയുള്ള മരങ്ങളെ കുട്ടികള്‍ പരസ്യപ്പലകകളില്‍ നിന്ന് മോചിപ്പിച്ചു.
  ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ എട്ട്,ഒമ്പത് വാര്‍ഡുകളിലെ മുഴുവന്‍ വീടുകളും കയറിയിറങ്ങി സീഡംഗങ്ങള്‍ പരിസ്ഥിതി ബോധവല്‍ക്കരണ സര്‍വ്വേ നടത്തിയതും ശ്രദ്ധേയമായിരുന്നു. നാട്ടുകാരുടെ പരിസ്ഥിതി അവബോധം എത്രമാത്രം ഉണ്ടെന്നു കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഗാന്ധിജയന്തി ദിനത്തില്‍ സ്‌കൂളില്‍ നടന്ന ക്യമ്പില്‍ 60 യൂണിറ്റ് രക്തദാനം നടത്തി. 44 തവണ സ്വമേധയാ രക്തദാനം നടത്തി മാതൃകയായ സീഡ് ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ പി.രതീഷ് കുമാറാണ് ഇതിന് പ്രചോദനമായത്. സൗജന്യ തിമിര രോഗനിര്‍ണയ ക്യാമ്പ് 70 പേര്‍ക്ക് പ്രയോജനപ്പെട്ടു.