കാഞ്ഞങ്ങാട്: പ്രകൃതിസംരക്ഷണത്തിന് യുവതലമുറയെ ഒരുക്കാനും പ്രകൃതിപാഠങ്ങള്‍ പങ്കുവെയ്ക്കാനും മാതൃഭൂമി സീഡ് അധ്യാപകര്‍ ഒരുമിച്ചുചേര്‍ന്നു.
കാസര്‍കോട് ജില്ലയില്‍ സീഡിന്റെ കോഓര്‍ഡിനേറ്റര്‍മാരായ അധ്യാപകര്‍ക്കായി നടത്തിയ ശില്പശാലയില്‍ നൂറിലധികം പേര്‍ പങ്കെടുത്തു. അത്തിയിലയില്‍ ഈത്തപ്പഴം കൈമാറി ജില്ലാ വിദ്യാഭ്യാസ ഉപമേധാവി സി.രാഘവന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷം മികച്ച സീഡ് കോ ഓര്‍ഡിനേറ്റര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട കാസര്‍കോട് വിദ്യാഭ്യാസജില്ലയിലെ പി.ടി.ഉഷയും കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിലെ കെ.രാജശ്രീയും ചേര്‍ന്നാണ് ഈത്തപ്പഴം ഏറ്റുവാങ്ങിയത്.
കഥപറഞ്ഞും കവിതയാലപിച്ചും അധ്യാപകരുടെ നന്മയെയും മൂല്യച്യുതിെയയും എടുത്തുകാട്ടിയാണ് സി.രാഘവന്‍ ഉദ്ഘാടനപ്രസംഗം നടത്തിയത്. ചെറിയൊരു വിത്തില്‍നിന്ന് വലിയൊരു ആല്‍മരമുണ്ടാകുന്നത് ഓര്‍മ്മിച്ചുകൊണ്ടായിരിക്കണം നന്മയുടെ വിത്തെറിയേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പാഠത്തിലല്ല പാഠഭേദത്തിലാകണം അധ്യാപകരുടെ പ്രവര്‍ത്തനം. ഒഴുക്കിനനുസരിച്ച് പോകാന്‍ എല്ലാവര്‍ക്കും കഴിയും. അതിനെതിരെ നീന്താനാണു കഴിയേണ്ടത്. അംഗീകാരം കിട്ടുന്നതിലല്ല, അതിനര്‍ഹതയുണ്ടെന്നു പറയുമ്പോഴാണ് ഏതൊരാള്‍ക്കും സംതൃപ്തിയുണ്ടാവുക. സീഡിന്റെ പ്രവര്‍ത്തനങ്ങള്‍ അധ്യാപകര്‍ക്ക് അവരുടെ ഷെഡ്യൂളിലുള്‍പ്പെടുത്താം. കുട്ടികളെ പ്രകൃതിസ്‌നേഹത്തിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ മാതൃഭൂമി നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ് രാഘവന്‍ പറഞ്ഞു.
മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ഡെപ്യൂട്ടി എഡിറ്റര്‍ ടി.സുരേഷ് ബാബു അധ്യക്ഷനായിരുന്നു. കാസര്‍കോട് ഡി.ഇ.ഒ. പി.രവീന്ദ്രനാഥ്, ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ വി.എം.വിജയന്‍ എന്നിവര്‍ സംസാരിച്ചു. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ് സ്വാഗതവും കാസര്‍കോട് ബ്യൂറോയിലെ സീനിയര്‍ കറസ്‌പോണ്ടന്റ് കെ.രാജേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു. സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ ക്ലാസെടുത്തു. മുന്‍വര്‍ഷങ്ങളില്‍ സീഡിന്റെ കോ ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ അധ്യാപകര്‍ പങ്കുവെച്ചു.
സംഗീതജ്ഞന്‍ വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്റെ പ്രാര്‍ഥനാഗീതത്തോടെയാണ് ശില്പശാല തുടങ്ങിയത്. രവീന്ദ്രന്‍ രചിച്ച 'ഭൂമി എല്ലാവര്‍ക്കും അമ്മ' എന്നുതുടങ്ങുന്ന ഗീതമാണ് വിഷ്ണുഭട്ട് ആലപിച്ചത്.
ഫെഡറല്‍ ബാങ്കുമായി സഹകരിച്ചാണ് ഈ വര്‍ഷവും സീഡിന്റെ പ്രവര്‍ത്തനം. സീഡ് പദ്ധതിയുടെ ആറാം വര്‍ഷമാണിത്.
'സമൂഹനന്മ കുട്ടികളിലൂടെ' എന്ന സന്ദേശമാണ് സീഡ് നല്കുന്നത്. പച്ച, നീല, വെള്ള എന്നിങ്ങനെ വേര്‍തിരിച്ചാണ് ഇത്തവണത്തെ പ്രവര്‍ത്തനങ്ങള്‍.
കൃഷിയും ജൈവവൈവിധ്യസംരക്ഷണവുമാണ് പച്ചവിഭാഗത്തിലുള്‍പ്പെടുന്നത്. നീലവിഭാഗത്തില്‍ ജലസംരക്ഷണമാണ് പ്രധാനം. ശുചിത്വപരിപാലനത്തെയാണ് വെള്ളയിലുള്‍പ്പെടുത്തിയിട്ടുള്ളത്.