സീഡിന്റെ കൈയൊപ്പുമായി പിലിക്കോട്

Posted By : ksdadmin On 22nd July 2013


 

 
സി.കെ.എന്‍.എം.ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പിലിക്കോടിന് മികവിന്റെ വര്‍ഷമായിരുന്നു 2012-2013. പുരസ്‌കാരങ്ങളുടെ പെരുമഴക്കാലം. നേട്ടങ്ങളിലെല്ലാം വിദ്യാലയത്തില്‍ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചെടുത്ത സീഡിന്റെ കൈയൊപ്പുണ്ടായിരുന്നു.
  മണ്ണറിഞ്ഞ് വിത്തെറിഞ്ഞാല്‍ പൊന്നുവിളയിക്കാമെന്ന് കരനെല്‍ കൃഷി, ജൈവപച്ചക്കറി എന്നിവയിലുടെ കുട്ടികള്‍ തെളിയിച്ചു. കരനെല്‍കൃഷി വിളവെടുത്ത് കിട്ടിയ നെല്ല് കുത്തി അരിയാക്കി 'മികവ്' ആഘോഷവേളയില്‍ പായസമാക്കി  വിതരണം ചെയ്തത് സീഡ് അംഗങ്ങളുടെ മധുരമുള്ള ഓര്‍മയാണ്. ജൈവപച്ചക്കറി കൃഷിയില്‍ കാബേജും, കോളിഫ്‌ളവറും, വെണ്ടയും, വഴുതിനയുമെല്ലാം നല്ല വിളവു നല്‍കി.
  സ്‌കൂളിലെ ജൈവകൃഷി കുട്ടികള്‍ക്ക് വീട്ടിലും പച്ചക്കറി കൃഷി നടത്താനുള്ള പ്രചോദനമായി. പ്ലാസ്റ്റിക് ശേഖരണം സ്‌കൂളില്‍ മാത്രം ഒതുക്കി നിര്‍ത്താതെ ക്ലബ്ബുകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വീടുകളിലേക്കും വ്യാപിപ്പിച്ചു. ലവ് പ്ലാസ്റ്റിക്ക് പദ്ധതിയില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് ശേഖരിച്ചതും പിലിക്കോടാണ്.
  ഐക്യരാഷ്ട്ര സഭ ഹൈദരബാദില്‍ സംഘടിപ്പിച്ച പരിസ്ഥിതി സമ്മേളനത്തില്‍ സംസ്ഥാനതല പ്രതിനിധികളായതും പിലിക്കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സീഡ് യൂണിറ്റിലെ അംഗങ്ങളാണ്.  പരിസ്ഥിതി സംബന്ധമായി ഒരുക്കിയ ഹൃസ്വ ചിത്രം 'അമൃതം' ലിറ്റില്‍ ഫ്രെയിം മത്സരത്തില്‍ ജില്ലാതലത്തില്‍ രണ്ടാംസ്ഥാനം നേടി.
  സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഊര്‍ജസംരക്ഷണ കാര്‍ഡുകള്‍ വിതരണം ചെയ്യുക വഴി വീടുകളിലെ വൈദ്യുതി ഉപഭോഗം കുറയ്ക്കാനായത് പോയവര്‍ഷത്തിലെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നാണ്. അന്യമാകുന്ന നാട്ടറിവുകള്‍ ശേഖരിക്കാന്‍ നാട്ടിലെ മുതിര്‍ന്നവരുമായുള്ള അഭിമുഖങ്ങള്‍, കര്‍ഷക കാരണവന്‍മാരുടെ അരികിലെത്തി നടത്തിയ വിവരശേഖരണം എന്നിവയെല്ലം നാളേക്കുള്ള മുതല്‍കൂട്ടായിമാറി.
  സീഡ് ഒരുക്കിയ ചക്ക മഹോത്സവം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചക്കയില്‍ നിന്ന് ഒട്ടേറെ മൂല്യവര്‍ധിത  വിഭവങ്ങള്‍ തയ്യാറാക്കാന്‍ കഴിയുമെന്ന് ചക്കമഹോത്സവം ബോധ്യപ്പെടുത്തി. 75 അംഗങ്ങളുള്ള സീഡ് യൂണിറ്റ് വിവിധ സംഘങ്ങളായി സീഡ് പോലീസ്, ജലസംരക്ഷണം, ഊര്‍ജ സംരക്ഷണം, ജലസംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു.
   മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സീഡ് കോര്‍ഡിനേറ്റര്‍ കെ.ജയചന്ദ്രനൊപ്പം സഹ അധ്യാപകരും രക്ഷിതാക്കളും കൈകോര്‍ക്കുന്നതാണ് പിലിക്കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നേട്ടങ്ങളുടെ രഹസ്യം.